ഓണം വാരാഘോഷത്തിന് ഇന്ന് (സെപ്റ്റംബർ 10) തിരിതെളിയും
വൈകിട്ട് ആറിന് നിശാഗന്ധിയിൽ മുഖ്യമന്ത്രി തിരിതെളിക്കും
ടൊവിനോ തോമസും കീർത്തി സുരേഷും മുഖ്യാതിഥികൾ; കെ.എസ് ചിത്രയുടെ ഗാനമേള
ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ഉത്രാടദിനമായ ഇന്ന്് (സെപ്റ്റംബർ 10) വൈകുന്നേരം ആറിന് കനകക്കുന്നിലെ നിശാഗന്ധിയിൽ തിരിതെളിയും. ഈ മാസം 16 വരെ ജില്ലയിലെ വിവിധയിടങ്ങളിൽ 29 വേദികളിൽ അരങ്ങേറുന്ന വ്യത്യസ്തങ്ങളായ കലാസദ്യയ്ക്കാണ് ഉത്രാടനാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിയ്ക്കുന്നത്. കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം ധന്യമാക്കുന്ന വേദിയിൽ മുഖ്യാതിഥികളായി മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവായ കീർത്തി സുരേഷും യുവാക്കളുടെ ഹരമായ ചലച്ചിത്ര താരം ടൊവിനോ തോമസും ഉണ്ടാകും.
വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഓണസന്ദേശം നൽകും. തുടർന്ന് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര നയിക്കുന്ന ഗാനമേള ഉദ്ഘാടന ചടങ്ങുകൾക്ക് ഭംഗിയേറ്റും. ഇതോടെ ജില്ലയിലെ വിവിധയിടങ്ങളിലെ 29 വേദികളും വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങളാൽ സജീവമാകും.
കേരളത്തിന്റെ പരമ്പരാഗതവും തനിമയാർന്നതുമായ കലാരൂപങ്ങൾക്കു പുറമേ ആധുനിക കലകളും സംഗീത-ദൃശ്യ വിരുന്നുകളും ഇക്കൊല്ലത്തെ ഓണാഘോഷത്തിനു മാറ്റുകൂട്ടും. മലയാളത്തിലെ വിവിധ മേഖലകളിലെ എണ്ണംപറഞ്ഞ കലാകാരന്മാരുടെ മാസ്മരിക പ്രകടനത്തിന് ഇനിയുള്ള ഏഴു നാളുകൾ നഗരം സാക്ഷ്യം വഹിക്കും. തുടർച്ചയായി വന്ന രണ്ട് പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടിവന്ന കേരളത്തിന് ഓണം പകരുന്ന പ്രത്യാശ അതിജീവനത്തിനും നവകേരള നിർമാണത്തിനും വേണ്ട കരുത്തു പകരുന്നതാകും.
16ന് വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്തുനിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ അവസാനിക്കുന്ന വർണ്ണശബളമായ ഘോഷയാത്രയോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൂർണമാകും.
കനകക്കുന്നിന് ഊഞ്ഞാൽകാലം
വർണാഭമായ ഓണാഘോഷപരിപാടികൾക്ക് കനകക്കുന്ന് വളപ്പിൽ തുടക്കം കുറിക്കുമ്പോൾ പ്രായഭേദമന്യേ ഏവർക്കും ആടിതിമിർക്കാൽ ഊഞ്ഞാലുകൾ റെഡി. കാലമെത്ര മാറിയാലും മലയാളിയുടെ ഓണസങ്കല്പങ്ങളിൽ ഗൃഹാതുരത്വം ഉണർത്തുന്ന വിനോദമാണ് ഊഞ്ഞാലാട്ടം. പണ്ടുകാലത്ത് ഓണം പടിവാതിൽക്കലെത്തും മുന്നേ വീടുകളിൽ സജീവമാകുന്ന ഊഞ്ഞാലുകൾ ഇന്ന് വിരളം. ഇവിടെ ആ സ്മരണകൾ പുനർജനിക്കുകയാണ്. ഏവരുടെയും മനസ്സിൽ ഓർമകളിലെ ഓണം തിരിച്ചകൊണ്ടുവരികയാണ് ഓണത്തിന് മുന്നേ കനകക്കുന്ന് വളപ്പിൽ കെട്ടിയ ഊഞ്ഞാലുകൾ.
നഗരത്തിരക്കുകളിലും ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടേണ്ടിവരുന്നവർക്ക് ഈ ഊഞ്ഞാലുകൾ പുതുമയുണർത്തുന്നതാണ്. തുമ്പയും മുക്കുറ്റിയും അത്തവും ഓണക്കളികളും കാലക്രമത്തിൽ മറയുമ്പോൾ മലയാളിയുടെ എക്കാലത്തെയും മഹോത്സവത്തിന് മാറ്റ് കൂട്ടുകയാണ് ഈ ഊഞ്ഞാലുകൾ.
എടുപ്പുകുതിരയും തയ്യാർ
ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരവളപ്പിൽ ഉത്സവപെരുമയുടെ തനിമ വിളിച്ചോതുന്ന എടുപ്പുകുതിരയും തയ്യാർ. അരനൂറ്റാണ്ടായി എടുപ്പുകുതിര നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ചാത്തന്നൂർ സ്വദേശി രവീന്ദ്രൻ പിള്ളയും സംഘവുമാണ് 38 അടി ഉയരമുള്ള എടുപ്പുകുതിര നിർമിച്ചിരിക്കുന്നത്. പഴമയുടെ പ്രതീകമായി തെക്കൻ കേരളത്തിൽ കണ്ടുവരുന്ന എടുപ്പുകുതിരയുടെ ഭംഗി ആസ്വദിക്കാൻ സെപ്റ്റംബർ 16വരെ കനകക്കുന്നിൽ അവസരമുണ്ട്്.

