പുതുക്കിയ ഭീകര പിഴ ഇന്നുമുതൽ, മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവും 10,000 രൂപ പിഴയും, ചൊവ്വാഴ്ച മുതൽ കർശന പരിശോധന
പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ മോട്ടോർ വാഹന നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ഇന്നു മുതൽ ഉടമയ്ക്കെതിരെ കേസടുക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപ പിഴയും മൂന്ന് വർഷം തടവും ഉടമയ്ക്ക് അനുഭവിക്കേണ്ടി വരും. വാഹനത്തിന്റെ രജിസ്ട്രഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദു ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക് 25 വയസിനു ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. മദ്യപിച്ച് വാഹനമോടിച്ചാൽ ആറ് മാസം തടവും 10,000രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ പിഴ 15,000 രൂപയും തടവ് രണ്ട് വർഷവും ആകുമെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോർ വാഹനനിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള നടപടിയാണിത്.
ട്രാഫിക് ലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴ ഇന്നു മുതൽ ഈടാക്കും. ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. വാഹന പരിശോധന ഉടൻ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. റോഡ് സുരക്ഷാ ആക്ഷൻ പ്ലാനിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ കർശന പരിശോധന ആരംഭിക്കും. ഗതാഗതനിയമലംഘനം നടത്തി ലൈസൻസ് റദ്ദ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ കുറ്റക്കാർ റിഫ്രഷൻ കോഴ്സും സാമൂഹ്യസേവനവും നടത്തണം. ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ലൈസൻസ് കാലാവധി അഞ്ച് വർഷമായി വർദ്ധിപ്പിച്ചു. ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാനുള്ള തിയതി കഴിഞ്ഞാൽ ഒരു വർഷം വരെ പിഴ ഒടുക്കി പുതുക്കാം. ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് വിജയിക്കേണ്ടി വരും.

