കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഇനി യുഡിഎഫ് ഭരിക്കും; സുമ ബാലകൃഷ്ണന്‍ മേയർ
കണ്ണൂർ കോർപ്പറേഷൻ മേയറായി കോൺഗ്രസിലെ സുമ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. 55 അംഗ കൗൺസിലിൽ 28 അംഗങ്ങളുടെ പിന്തുണയോടെയാണ് സുമ ബാലകൃഷ്ണൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
എൽഡിഎഫ് കൗൺസിലർ കെ.റോജയുടെ വോട്ട് അസാധുവായതൊഴിച്ചാൽ അട്ടിമറികളൊന്നും വോട്ടെടുപ്പിലുണ്ടായില്ല. മുൻ മേയറായ എൽഡിഎഫ് സ്ഥാനാർഥി ഇ.പി.ലതക്ക് 25 വോട്ടുകൾ ലഭിച്ചു.
ഓഗസ്റ്റ് 17-ന് യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് മേയർ സ്ഥാനത്ത് നിന്ന് ഇ.പി.ലത പുറത്തായത്. ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് യു.ഡി.എഫ്. പക്ഷത്തേക്ക് മാറി വോട്ട് ചെയ്ത സാഹചര്യത്തിൽ 26-നെതിരേ 28 വോട്ടിനാണ് അവിശ്വാസം പാസായത്.
തുടർന്ന് ഡെപ്യൂട്ടി മേയർ പി.കെ.രാേഗഷിനെതിരേ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു.

