Peruvayal News

Peruvayal News

മലയാളത്തില്‍ ചോദ്യങ്ങള്‍: പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

മലയാളത്തില്‍ ചോദ്യങ്ങള്‍:  പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി


പി.എസ്.സി പരീക്ഷ എഴുതുന്നവര്‍ക്ക് മലയാളത്തിലും ചോദ്യക്കടലാസ് ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച് പി.എസ്.സിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി യോഗത്തില്‍ ഈ പ്രശ്നം ഉന്നയിക്കപ്പെട്ടപ്പോഴാണ് സമിതിയുടെ അധ്യക്ഷനായ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പി.എസ്.സി. പരീക്ഷകളില്‍ മലയാളത്തില്‍ കൂടി ചോദ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ഔദ്യോഗിക ഭാഷാ സമിതി നേരത്തെ തന്നെ പി.എസ്.സിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. പത്താം ക്ലാസിനു മുകളില്‍ യോഗ്യത ആവശ്യമുള്ള പി.എസ്.സി പരീക്ഷകളില്‍ പത്തു മാര്‍ക്കിന് മലയാളത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മാതൃഭാഷയില്‍ ചോദ്യക്കടലാസ് ലഭിക്കുന്നില്ല. മലയാളം മാധ്യമത്തില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. ഈ പ്രശ്നം വീണ്ടും പി.എസ്.സിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. 

ഭരണ ഭാഷ മലയാളത്തിലാക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതു സംബന്ധിച്ച പുരോഗതി യോഗം വിലയിരുത്തി. മുഖ്യമന്ത്രിയുടെ ഭരണഭാഷാ പ്രഖ്യാപനത്തിനു ശേഷം ഇക്കാര്യത്തില്‍ നല്ല പുരോഗതിയുണ്ടായിട്ടുണ്ട്. ജില്ലാ ഓഫീസുകളിലും അനുബന്ധ ഓഫീസുകളിലും 90 ശതമാനത്തിലേറെ കാര്യങ്ങളും മലയാളത്തിലാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഡയറക്ടറേറ്റുകള്‍, കമ്മീഷണറേറ്റുകള്‍, സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിലെ മാറ്റം പ്രതീക്ഷിച്ച രീതിയില്‍ പുരോഗമിച്ചിട്ടില്ല.  ഭാഷാമാറ്റം പൂര്‍ണമാക്കുന്നതിന് വകുപ്പ് മേധാവികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും അവബോധ പരിപാടി സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. 

സര്‍ക്കാര്‍ വെബ്സൈറ്റില്‍ മലയാളത്തില്‍ കൂടി വിവരങ്ങള്‍ നല്‍കണമെന്ന തീരുമാനം മിക്കവാറും നടപ്പാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലും ഡയറക്ടറേറ്റുകളിലും കമ്മീഷണറേറ്റിലുമായി 39 വെബ്സൈറ്റുകളില്‍ മലയാളത്തില്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. 12 കലക്ടറേറ്റുകളിലേയും 4 സര്‍വ്വകലാശാലകളിലേയും വെബ്സൈറ്റുകളും മലയാള ത്തില്‍ ലഭ്യമാണ്. 

യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഭാഷാ സമിതി അംഗങ്ങളായ ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. വി.എന്‍. മുരളി, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, എ.ആര്‍. രാജന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live