Peruvayal News

Peruvayal News

ആഘോഷങ്ങളില്ലാതെ പിണറായി വിജയൻ സർക്കാരിന് ഇന്ന് നാലാം വാർഷികം


കോവിഡ് പ്രതിസന്ധിക്കിടെ ആഘോഷങ്ങളില്ലാതെ പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികം


പിണറായി വിജയൻ സർക്കാരിന് ഇന്ന് നാലാം വാർഷികം.കോവിഡ് പ്രതിസന്ധിക്കിടെ ആഘോഷങ്ങളില്ലാതെയാണ് വാർഷികം. രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം സമീപകാലത്തൊന്നും ഒരു സർക്കാരിനും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളാണ് ഈ സർക്കാരിന് മുന്നിലുണ്ടായിരുന്നത്.

അവസാന വർഷത്തിലേക്ക് കടക്കുമ്പോൾ പ്രകടന പ്രതികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും നടപ്പാക്കാൻ കഴിഞ്ഞുവെന്നാണ് സർക്കാരിന്റെ അവകാശവാദം. ദേശീയപാത വികസനവും ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയും, ലൈഫ് പദ്ധതിയുമെല്ലാം സർക്കാരിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്നുണ്ട്. കഴിഞ്ഞ നാല് വർഷം അത്രയ്ക്ക് സുഖപ്രദമായിരുന്നില്ല സർക്കാരിന് .സമീപകാലത്തൊന്നും ഒരു സർക്കാരും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രകൃതിദുരന്തങ്ങളെയാണ് പിണറായി സർക്കാരിന് നേരിടേണ്ടി വന്നത്. നിപയ്ക്കും ഓഖിക്കും പിന്നാലെ രണ്ട് പ്രളയം കൂടി വന്നതോടെ സർക്കാർ പ്രതിസന്ധിയിലായി.എന്നാൽ ഇതിനെയെല്ലാം വിജയകരമായി മറികടക്കാൻ കഴിഞ്ഞുവെന്നാണ് സർക്കാർ വിലയിരുത്തൽ. പ്രകൃതിദുരന്തങ്ങളുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള ഊർജിത ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ലോകത്തെയാകെ പിടിച്ചുലച്ച കൊറോണയുടെ വരവ്.


കോവിഡിന്റെ ആദ്യ രണ്ട് ഘട്ടവും വിജയകരമായി പൂർത്തിയാക്കി ലോക മാധ്യമങ്ങളുടെയക്കം ശ്രദ്ധ പിടിച്ച് പറ്റാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോവിഡിന്റെ മൂന്നാം ഘട്ടം നേരിടാനുള്ള നീക്കങ്ങൾ സർക്കാർ നടത്തുന്നത്.സാധാരണ രീതിയിൽ സർക്കാരിന്റെ അവസാന വർഷം വമ്പൻ പദ്ധതികളും ജനകീയ പ്രഖ്യാപനങ്ങളും നടത്തേണ്ടതാണ്. എന്നാൽ സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ നാട് കടന്ന് പോകുമ്പോൾ അതിനെ നേരിടാൻ വേണ്ടി അവസാന വർഷത്തിന്റെ പകുതിയും വേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ.

Don't Miss
© all rights reserved and made with by pkv24live