ക്വാറന്റൈൻ ചെലവ് സർക്കാർ തന്നെ വഹിക്കണം - വെൽഫെയർ പാർട്ടി
കുന്നമംഗലം : വിദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചെലവ് പ്രവാസികളിൽ നിന്ന് തന്നെ വാങ്ങാനുള്ള സർക്കാർ നീക്കം മനുഷ്യത്വ വിരുദ്ധവും പ്രവാസികളോടുള്ള നന്ദികേടുമാണെന്നും വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് പറഞ്ഞു. വെൽഫെയർ പാർട്ടി കുന്നമംഗലത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നാലായിരത്തിലധികം കോടി രൂപ ബാക്കിയാകുമ്പോൾ ആണ് സർക്കാരിന്റെ കയ്യിൽ കാശില്ല എന്ന ന്യായം മുഖ്യമന്ത്രി പറഞ്ഞത്. കോവിഡ് റിലീഫിനും നൂറുക്കണക്കിന് കോടി രൂപ സർക്കാർ സമാഹരിച്ചു. സർക്കാർ ജീവനക്കാരുടെ ശബളത്തിൽ നിന്ന് 2500 കോടി രൂപയാണ് കോവിഡ് റിലീഫിനായി സർക്കാർ പിടിച്ചെടുക്കുന്നത്. ഈ തുകയെല്ലാം എന്തിന് വേണ്ടിയാണ് സർക്കാർ ശേഖരിച്ച് വെച്ചിരിക്കുന്നത്.
ജോലി നഷ്ടപ്പെട്ടവരും സാമ്പത്തികമായി ഏറെ പ്രയാസ മനുഭവിക്കുന്നവരുമായ പ്രവാസികളാണ് ഇപ്പോൾ തിരിച്ചു വന്നു കൊണ്ടിരിക്കുന്നത്. പ്രവാസികൾക്ക് സാധ്യമായ രീതിയിൽ സൗജന്യ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്താൻ വെൽഫെയർ പാർട്ടി സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ ഫോറം മണ്ഡലം കൺവീനർ എൻ. അലി, ഫ്രറ്റെണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ എൻ. ദാനിഷ്, വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ, കാസിം പടനിലം, പി.പി. മജീദ്, കെ.കെ. അബ്ദുൽ ഹമീദ്, ഇ. അമീൻ എന്നിവർ നേതൃത്വം നൽകി.