കോൺഗ്രസ്സ് പ്രതിനിധി സംഘം ചാലിയാർ സന്ദർശിച്ചു
ഒളവണ്ണ - ചുങ്കം : ചാലിയാറിൽ അധികമായി അടിഞ്ഞുകൂടിയ ഏക്കലും ചളിയും നീക്കം ചെയ്യുന്നതിന് ജില്ല ഭരണകൂടം നിർദ്ദേശിച്ച അളവ് സംഭരണം ഏതാണ്ട് പൂർത്തിയാവാനിരിക്കെ പ്രളയവാഹകശേഷിയിൽ കാര്യമായ ഒരു വർധനയുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ്സ് പ്രതിനിധി സംഘം വിലയിരുത്തി. പുഴയുടെ മധ്യഭാഗത്ത് വേലിയേറ്റ സമയത്തു പോലും അരയ്ക്കു താഴെ മാത്രമാണ് ജലവിതാനം എന്ന് പ്രതിനിധി സംഘത്തിന് ബോധ്യപ്പെട്ടു. സമീപ പഞ്ചായത്തുകളേയും മുൻസിപ്പാലിറ്റികളേയും അപേക്ഷിച്ച് പകുതി അളവ് സംഭരണാനുമതി മാത്രമാണ് ഒളവണ്ണ പഞ്ചായത്തിലെ മൂന്ന് പ്രധാന പാതാറുകൾക്കുമായി അനുവദിക്കപ്പെട്ടിരുന്നത്. ഇത് അപര്യാപ്തമാണെന്നാണ് വസ്തുതാപഠനത്തിൽ നിന്ന് മനസ്സിലായത്. പോയ രണ്ട് പ്രളയവും ആഗസ്റ്റ് ആദ്യ പാദത്തിലാണ് രൂക്ഷമായതെന്നിരിക്കെ പുഴയിലെ അധിക മണ്ണും ചളിയും നീക്കം ചെയ്യുന്നത് അവസാനിപ്പിക്കുന്നത് പ്രളയ സാധ്യത വർധിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നൂറു കണക്കിന് വരുന്ന തൊഴിലാളികൾക്ക് കോവിഡ് കാലത്ത് ആശ്വാസമായ തൊഴിൽ മേഖലയും സംഭരണം നിർത്തുന്നതോടെ അടയുമെന്നും പ്രതിനിധി സംഘം വിലയിരുത്തി.
ഗ്രാമ പഞ്ചായത്ത് അംഗം മഠത്തിൽ അബ്ദുൾ അസീസ്, വിനോദ് മേക്കോത്ത്, ജംഷീർ ചുങ്കം, ടി പി ഹസ്സൻ, യു എം പ്രശോഭ്, പി കെ രമേശൻ, ഒ കുഞ്ഞി എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
സംഭരണം തുടർന്നും നടത്തുന്നതിന് വേണ്ട നടപടികൾ ജില്ല ഭരണകൂടം അടിയന്തിരമായ സ്വീകരിക്കണമെന്ന് ഒളവണ്ണ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. പെരുവയൽ ബ്ലോക്ക് പ്രസിഡണ്ട് എ ഷിയാലി, ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് എസ് എൻ ആനന്ദൻ, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് സുജിത് ചുങ്കം, എം ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
