ഏറ്റം പിരിശത്താലെ പ്രവാസികളെ ചേർത്തു നിർത്തി മുസ്ലിം യൂത്ത് ലീഗിന്റെ സ്നേഹ മാതൃക
മടവൂർ :ചോക്ലേറ്റുകളുടെ മധുരവും അറേബ്യൻ അത്തറുകളുടെ മണവുമില്ലാതെ വിമാനമിറങ്ങിയ പ്രവാസികൾക്ക് സ്നേഹ സമ്മാനങ്ങൾ നൽകി ചേർത്തു നിർത്തി മുസ്ലിം യൂത്ത് ലീഗ് മാതൃകയാകുന്നു.
"പ്രിയത്തിൽ ചേർന്നു നിൽക്കാം,പ്രിയപ്പെട്ടവരെ ചേർത്തു നിർത്താം" എന്ന പ്രമേയത്തിൽ
കൊട്ടക്കാവു വയൽ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടപ്പിലാക്കിയ "ഏറ്റം പിരിശത്താലെ" എന്ന സ്നേഹ സമ്മാന പദ്ധതിയാണ് ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് കരുതലിന്റെയും കനിവിന്റെയും വേറിട്ട മാതൃക തീർക്കുന്നത്.
മറുനാട്ടിൽ മുണ്ടു മുറുക്കിയുടുത്ത് മലയാള നാടിന്റെ അന്നദാതാക്കളായി വർത്തിച്ചിരുന്ന പ്രവാസികൾ കേരളത്തിന്റെ നാനാതരം പുരോഗതികളുടെയും സമൃദ്ധികളുടെയും പ്രധാന സ്രോതസ്സുകളായിരുന്നു.
കോവിഡ്-19നെ തുടർന്ന് പ്രവാസികളിൽ വലിയൊരു പങ്കും തൊഴിൽ നഷ്ടപ്പെട്ടാണ് നാട്ടിലേക്ക് മടങ്ങി വരുന്നത്.
സാമ്പത്തികമായും ശാരീരികമായും തളർന്നു പോയ പ്രവാസികളെ ചേർത്തു പിടിക്കുകയും മാനസിക പിന്തുണ നൽകുകയും ചെയ്യേണ്ടത് മാനുഷിക കടമയാണെന്ന ബോധ്യമാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ പ്രേരണയായതെന്ന്
നേതാക്കൾ പറഞ്ഞു.
ഡിജിറ്റൽ കെ.എം.സി.സിയുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഡ്രൈഫ്രൂട്ടുകളും മറ്റു പഴ വർഗങ്ങളും ചോക്ലേറ്റുകളുമടങ്ങുന്നതാണ് സമ്മാനം.
കൂടെയുണ്ടെന്ന കരുതലിന്റെ ആർദ്രമായ വാക്കുകൾ കൂടിയാകുമ്പോൾ സ്വീകരിക്കുന്നവരുടെ ഹൃദയങ്ങൾ സന്തോഷ ഭരിതമാകുമെന്ന പ്രത്യാശയിലാണ് പ്രവർത്തകർ.
വിദേശത്തു നിന്ന് തിരികെയെത്തി ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികളുടെ കക്ഷി രാഷ്ട്രീയ പശ്ചാത്തലം നോക്കാതെയാണ് സ്നേഹ സമ്മാനം നൽകുന്നത് എന്നത് പദ്ധതിക്ക് കൂടുതൽ തിളക്കം നൽകുന്നു.
സമ്മാനപ്പൊതിക്കു പുറമേ തിരികെയെത്തിയവരുടെ ഏത് ആവശ്യങ്ങൾക്കും ഒരു വിളിപ്പുറത്ത് തന്നെ തങ്ങളുണ്ടാകുമെന്ന് പ്രവർത്തകർ കൂട്ടിച്ചേർത്തു.
മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു.
എം.എ സമദ് ,അബ്ദുൽ സലാം കെ പി, എ.പി യൂസുഫ് അലി ,മുനീർ പുതുക്കുടി ,കാദർകുട്ടി കെ, അബു എ പി, ഹംസ വാഴയിൽ , നാസർ കെ കെ, പി.സി മുഹമ്മദ് ,അസ്ഹറുദ്ദീൻ.പി, കെ.കെ നാസർ ,അജ്മൽ കെ എന്നിവർ പങ്കെടുത്തു
ഉബൈദ് അമ്പലക്കണ്ടി ,ഉബൈബ് എ കെ, സുലൈമാൻ പി, സുബൈർ സി കെ, ഹാദിൽ ടി കെ ,നാസർ കെ എന്നിവർ നേതൃത്വം നൽകി
