കുന്ദമംഗലം ഗവ. കോളജ് ഫുട്ബോള്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: കുന്ദമംഗലം ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പുതുതായി സ്ഥാപിച്ച ഫുട്ബോള്‍ ടര്‍ഫിന്‍റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.
എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 70 ലക്ഷം രൂപ
ചെലവിലാണ് ഫുട്ബോള്‍ ടര്‍ഫ് നിര്‍മ്മിച്ചിട്ടുള്ളത്.
ടര്‍ഫ് ഉദ്ഘാടനത്തോടനുബന്ധിച്ച് എം.എല്‍.എ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടി
നടത്തിയ ഇന്‍റര്‍ കോളജിയറ്റ് സെവൻസ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടനവും
എം.എല്‍.എ നിര്‍വ്വഹിച്ചു.
കുന്ദമംഗലം മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളജില്‍ വികസന കുതിച്ചുചാട്ടമാണ് അഞ്ച്
വര്‍ഷകാലത്തിനിടയില്‍ ഉണ്ടായിട്ടുള്ളത്. എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച
3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിലാണ് ഇപ്പോള്‍ ക്ലാസുകള്‍
നടന്നുവരുന്നത്.
പുതുതായി 5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെയും 2.5 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടേയും പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. 90 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിൻ്റെ ടെണ്ടർ നടപടികൾ പുരോഗമിച്ചു വരികയാണ്.
കിഫ്ബിയില്‍ നിന്നും അനുവദിച്ച 10 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്‍റെ പ്രവൃത്തി ഉടനെ ആരംഭിക്കും. കോളജില്‍ കുടിവെള്ളം, വൈദ്യുതി ഉള്‍പ്പെടെയുള്ള സംവിധാനങ്ങൾ
ഏര്‍പ്പെടുത്തുന്നതിനും എം.എല്‍.എയുടെ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരുന്നത്.
നിലവില്‍ മൂന്ന് ഡിഗ്രി കോഴ്സുകളുള്ള ഗവ. കോളജില്‍ ഈ വര്‍ഷം മുതല്‍ എം.എസ്.സി മാത്സ് കോഴ്സ് കൂടി ആരംഭിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. പുതിയ കെട്ടിട സമുച്ചയങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ തൊഴില്‍ സാധ്യതയുള്ള കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
ടര്‍ഫ് ഉദ്ഘാടന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂര്‍, വൈസ് പ്രസിഡന്‍റ് എം സുഷമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എന്‍ ഷിയോലാല്‍,
പി. ശിവദാസന്‍ നായര്‍, വിവിധ മേഖലകളില്‍ നിന്നുള്ള ഡോ. കെ മുഹമ്മദ് നൗഫല്‍, ഡോ.
എന്‍. സുപ്രഭ, പി.ടി സജന, ഷാജി ആന്‍റണി, കുമാരി എം. അലീന സംസാരിച്ചു.
പ്രിന്‍സിപ്പല്‍ വി.പി ബഷീര്‍ സ്വാഗതവും കായിക വിഭാഗം മേധാവി ഡോ. ജയിന്‍
ജോണ്‍ നന്ദിയും പറഞ്ഞു.