Peruvayal News

Peruvayal News

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ : പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ :പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി



എസ്.എസ്.എല്‍.സി. പ്ലസ്ടു പരീക്ഷകള്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം കോവിഡ് കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു.   എസ്.എസ്.എല്‍.സിക്ക് നാലും ഹയര്‍ സെക്കന്‍ഡറിക്ക് മൂന്നും പരീക്ഷകളാണ് ബാക്കിയുള്ളത്. 
 ഓരോ വിദ്യാലയവും പരീക്ഷാ നടത്തിപ്പിനുള്ള മൈക്രോപ്ലാന്‍ തയ്യാറാക്കണം. പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാവണം മൈക്രോപ്ലാന്‍ തയ്യാറാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങള്‍, പി.ടി.എ. എന്നിവയുടെ സഹായത്തോടെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കും.
 പരീക്ഷ എഴുതുന്ന കുട്ടികള്‍ വീട്ടില്‍ നിന്നും പുറപ്പെടുന്നതു മുതല്‍ പരീക്ഷ കഴിഞ്ഞ് വീട്ടില്‍ എത്തുന്നത് വരെയുള്ള കാര്യങ്ങള്‍ മൈക്രോപ്ലാനില്‍ ഉള്‍പ്പെടുത്തണം.
 സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്രാസൗകര്യം ഉറപ്പാക്കണം. സ്വന്തം വാഹനമുള്ള രക്ഷിതാക്കള്‍ ആ സൗകര്യം ഉപയോഗപ്പെടുത്തണം. സ്വന്തം വാഹനം ഇല്ലാത്തവര്‍ക്കായി സ്‌കൂള്‍ബസ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. അവസാന ഘട്ടത്തില്‍ മാത്രമേ പൊതുഗതാഗതം ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ.
 സാനിറ്റൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയവ സ്‌കൂള്‍ പ്രവേശനകവാടത്തില്‍ തന്നെ ഉറപ്പാക്കണം. തെര്‍മല്‍സ്‌കാനര്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനയില്‍ അലംഭാവം ഉണ്ടാവരുത്.
  കുട്ടികളും പരീക്ഷാ ജോലിയില്‍ ഉള്ളവരും മൂന്ന് ലയറുള്ള മുഖാവരണം നിര്‍ബന്ധമായും ധരിക്കണം. ഇതില്ലാതെ വരുന്ന കുട്ടികള്‍ക്ക് സ്‌കൂളില്‍നിന്നും മൂന്ന് ലയറുള്ള മുഖാവരണം നല്‍കണം.
 മുഖാവരണം, സാനിറ്റൈസര്‍, മുതലായവ വാങ്ങുന്നതിന് എസ്.എസ്.കെയില്‍ നിന്ന് ലഭ്യമായിട്ടുള്ള സ്‌കൂള്‍ ഗ്രാന്റ് ഉപയോഗിക്കാവുന്നതാണ്.
   മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും സഹകരണം ഉറപ്പാക്കണം.
 പരീക്ഷയ്ക്ക് മുമ്പോ ശേഷമോ കുട്ടികള്‍ കൂട്ടംകൂടുന്ന സാഹചര്യമുണ്ടാവരുത്. സ്‌കൂള്‍ ഗ്രൗണ്ട്, ബസ് സ്റ്റോപ്പ് എന്നിടത്തെല്ലാം അധികൃതരുടെ ശ്രദ്ധയുണ്ടാകണം.
നിലവിലുള്ള പരീക്ഷാ സ്‌ക്വാഡിന് പുറമെ, കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നു എന്നുറപ്പാക്കുന്നതിനായി എ.ഇ.ഒ., ബി.പി.സി., ഡയറ്റ് ഫാക്കല്‍റ്റി എന്നിവരടങ്ങുന്ന ഉപജില്ലാതല മോണിറ്ററിങ് ടീം സ്‌കൂളുകള്‍ സന്ദര്‍ശിക്കണം.  
 വിദ്യാഭ്യാസ ഉപഡയറക്ടര്‍, സമഗ്ര ശിക്ഷാ ഡി.പി.സി, ഡയറ്റ് പ്രിന്‍സിപ്പാള്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓര്‍ഡിനേറ്റര്‍, ഹയര്‍ സെക്കണ്ടറി/ വി.എച്ച്.എസ്.സി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതി ഇക്കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യേണ്ടതാണ്.
Don't Miss
© all rights reserved and made with by pkv24live