കെ.എസ്.ആർ.ടി.സി മദ്യശാലകൾ കൊറോണയെക്കാൾ ഭീകരം: ഡോ.ഹുസൈൻ മടവൂർ
കെ.എസ്.ആർ.ടി.സി മദ്യശാലകൾ കൊറോണയെക്കാൾ ഭീകരം: ഡോ.ഹുസൈൻ മടവൂർ
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റുകളിലും ഡിപ്പോകളിലും മദ്യഷോപ്പുകൾ തുടങ്ങുന്നത് കൊറോണയെക്കാളും നിപ്പയെക്കാളും ഭീകരമാണെന്ന് ഡോ.ഹുസൈൻ മടവൂർ.
മദ്യം വ്യാപകമാക്കുന്ന സർക്കാൻ നീക്കത്തിന്നെതിരെ സംസ്ഥാന മദ്യനിരോധന ഐക്യവേദി കോഴിക്കോട്ട് കെ.എസ്.ആർ.ടി.സിക്ക് മുന്നിൽ സംഘടിപ്പിച്ച നിൽപു സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ സമാധാന ജീവിതം നഷ്ടപ്പെടുത്തുകയും പുതിയ തലമുറയെ വഴി തെറ്റിക്കുകയും ചെയ്യുന്ന പുതിയ മദ്യനയത്തിന്നെതിരെ പൊതുജനങ്ങൾ രംഗത്ത് വരണം. സർക്കാർ പിന്തിരിയാത്ത പക്ഷം കോടതിയെ സമീപിക്കണം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ സർക്കാറിന്ന് ബാധ്യതയുണ്ടെന്ന് ഈയിടെ സുപ്രിം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിന്റെ ഈ നീക്കം തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കെതിരാണ്. സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത ഘട്ടം ഘട്ടമായി കുറച്ച് കൊണ്ട് വരുമെന്ന് എല്ലാ മുന്നണികളും പ്രകടനപത്രികയിൽ പറഞ്ഞതാണ്.
ദേവാലയങ്ങളെക്കാളും വിദ്യാലയങ്ങളെക്കാളും മദ്യഷോപ്പുകൾക്ക് പരിരക്ഷ നൽകുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് സംസ്ഥാന മദ്യ വിരുദ്ധ ഐക്യവേദി രക്ഷാധികാരി കൂടിയായ ഡോ. ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
മദ്യ നിരോധന സമിതി നേതാക്കളായ പ്രൊഫ. ടി.എം.രവീന്ദ്രൻ,
പ്രൊഫ. ഒ.ജെ. ചിന്നമ്മ, സിസ്റ്റർ മൗറില്ല, വി.പി. ശ്രീധരൻ മാസ്റ്റർ, ചൈത്രം രാജീവൻ,
അബു അന്നശേരി,
വാസു മാസ്റ്റർ, സെബാസ്റ്റ്യൻ മേനമ്പടത്ത് തുടങ്ങിയവർ സംസാരിച്ചു.