വികസനത്തിന്റെ അനന്തസാധ്യതകൾ തുറന്ന് പെരുവയല്‍ സാഗി പദ്ധതിയിൽ
വികസനത്തിന്റെ അനന്തസാധ്യതകൾ തുറന്ന് പെരുവയല്‍ സാഗി പദ്ധതിയിൽ
വികസനത്തിന്റെ അനന്തസാധ്യതകളിലേക്ക് വഴി തുറക്കുന്ന കേന്ദ്രസര്‍ക്കാറിന്‍റെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന (സാഗി) പദ്ധതിയില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്തിനെ ഉള്‍പ്പെടുത്തി. എം.കെ.രാഘവന്‍ എം.പിയുടെ ശുപാര്‍ശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിൽ പെരുവയൽ ഇടം പിടിച്ചത്. ഒരു ലോകസഭാ മണ്ഡലത്തില്‍ ഒരു പഞ്ചായത്തിനെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ ,അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ പോരായ്മകള്‍ കണ്ടെത്തി കേന്ദ്ര , സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കി പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഗ്രാമ വികസന പദ്ധതി തയ്യാറാക്കി നടപ്പാക്കും.
പദ്ധതി നടപ്പാക്കുന്നതോടെ നിലവിലുള്ള വിവിധ കേന്ദ്ര പദ്ധതികൾ പഞ്ചായത്തിൽ നടപ്പാക്കുന്നതിന് സാധിക്കും. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ ഇതിനുള്ള ക്രമീകരണമൊരുക്കും. സാഗിയിൽ ഉൾപ്പെടുന്നതോടെ വികസന പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസവും സങ്കീർണ്ണതകളും ഒഴിവാകും.
ഗ്രാമപഞ്ചയത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എം.കെ.രാഘവന്‍ എം.പി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി സ്വാഗതം പറഞ്ഞു. എ.ഡി.സി.രജനി, പി.എ.യു പ്രൊജക്റ്റ് ഡയരക്ടര്‍ ജോണ്‍സണ്‍ എന്നിവർ പദ്ധതി വിശദീകരിച്ചു. കില റിസോഴ്സ് പേഴ്സൺ യു.വി.ബാബു രാജ് കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എം.ധനീഷ് ലാൽ, സുധ കമ്പളത്ത്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദ്ദീന്‍,സീമ ഹരീഷ്, ബ്ലോക്ക് അംഗങ്ങളായ ടി.പി.മാധവന്‍,കെ.പി.അശ്വതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.അനിത, പി.എം.ബാബു, ബി.ഡി.ഒ ഡോ.പ്രിയ, സെക്രട്ടറി നവാസ് കെ.പി.എം ,സി.എം.സദാശിവന്‍, പൊതാത്ത് മുഹമ്മദ് ഹാജി, വേണു മാക്കോലത്ത്, പി.രാധാകൃഷ്ണന്‍ വിവിധ വകുപ്പ് മേധാവികള്‍ സംസാരിച്ചു.