പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ചവരെ പിടികൂടി
പെരുമണ്ണ: പെരുമണ്ണ സർവിസ് സഹകരണ ബാങ്കിൽ മുക്കു പണ്ടം പണയം വെക്കാൻ ശ്രമിച്ച കൊടിയത്തൂർ സ്വദേശികളെ അറസ്റ്റ് ചെയ്തു. ബാങ്ക് അപ്രൈസറുടെ ജാഗ്രതയെ തുടർന്നാണ് തട്ടിപ്പിന് ശ്രമിച്ച കൊടിയത്തൂർ നെല്ലിക്കാപറമ്പ് മാട്ടുമുറിക്കൽ സന്തോഷ് കുമാർ (35), അയൽവാ സി.കെ. വിഷ്ണു (29) എന്നിവരെ പിടികൂടിയത്. അഞ്ച് പവൻ വരുന്ന ആഭരണവുമായാണ് ഇരുവരും ചൊവ്വാഴ്ച ബാങ്കിലെത്തിയത്. പണയം വെക്കാനുള്ള അപേക്ഷ ഫോറം വാങ്ങി പൂരിപ്പിച്ചശേഷം സ്വർണം പരിശോധനക്ക് നൽകിയപ്പോഴാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. ബാങ്ക് അപ്രൈസർ കപിൽ ദേവിന് സംശയം തോന്നിയ ഉടനെ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടം ആണെന്ന് ഉറപ്പിച്ചത്.
സെക്രട്ടറിയുടെ പരാതിയില്‍ പന്തീരങ്കാവ് പോലീസ് കേസെടുത്ത് രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ഇവർ മുമ്പ് ഇത്തരത്തിൽ മറ്റൊരു ബാങ്കിലും തട്ടിപ്പിന് ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പന്തീരാങ്കാവ് എസ്.ഐ മുരളീധരൻ, രഞ്ജിത്ത്, രൂപേഷ്, ഹരിപ്രസാദ്, ഹാരിസ്, കിരൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
