Peruvayal News

Peruvayal News

സെക്കൻഡറി തലത്തിലുള്ള ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങൾ നൽകുകയാണ് സർക്കാർ ലക്ഷ്യം- മന്ത്രി വീണാ ജോർജ്

സെക്കൻഡറി തലത്തിലുള്ള ആശുപത്രികളിൽ സ്പെഷ്യാലിറ്റി സേവനങ്ങൾ നൽകുകയാണ് സർക്കാർ ലക്ഷ്യം- മന്ത്രി വീണാ ജോർജ് 

ലക്ഷ്യ പദ്ധതി പ്രകാരം പൂർത്തീകരിച്ച ലേബർ റൂം മന്ത്രി ഉദ്ഘാടനം ചെയ്തു

സെക്കൻഡറി തലത്തിലുള്ള എല്ലാ ആശുപത്രികളിലും സ്പെഷ്യാലിറ്റി സേവനങ്ങൾ നൽകാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് ആരോഗ്യ - വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ആശുപത്രിയിലേയും ആർദ്രം പദ്ധതിയുടെ പൂർത്തീകരണത്തിനനുസരിച്ച് ഇത് നടപ്പാക്കുമെന്നും അവർ പറഞ്ഞു. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ലക്ഷ്യ മാനദണ്ഡ പ്രകാരം പുതുക്കി പണിത ലേബർ റൂം, ശിശുരോഗ വിഭാഗം ഐ.സി.യു, 400 കെ.വി.എ ട്രാൻസ്ഫോർമർ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ തുറമുഖം- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിരുന്നു.

പതിറ്റാണ്ടുകൾക്കു മുൻപുതന്നെ മാതൃ-ശിശു സൗഹൃദമായി ഐക്യരാഷ്ട്രസഭ അം​ഗീകരിച്ച സംസ്ഥാനമാണ് കേരളം. മാതൃ-ശിശു മരണ നിരക്ക് ഏറ്റവും കുറ‍ഞ്ഞ സംസ്ഥാനം കൂടിയാണ് കേരളം. എല്ലാ ആശുപത്രികളും മാതൃ- ശിശു സൗഹൃദമാക്കുകയാണ് നമ്മുടെ ലക്ഷ്യം. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി സർക്കാർ മാനദണ്ഡത്തിന്റെ 90 ശതമാനത്തിലധികം സ്കോർ നേടി മാതൃ- ശിശു സൗഹൃദ നിലവാരത്തിലെത്തിയതായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോടനുബന്ധിച്ച് വന്ധ്യതാ ചികിത്സാകേന്ദ്രം ആരംഭിക്കുന്ന കാര്യവും പരി​ഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

സാർവദേശീയ നഴ്സസ് ദിനത്തിൽ എല്ലാ നഴ്സുമാർക്കും ആദരമറിയിച്ചുകൊണ്ടാണ് മന്ത്രി ഉദ്ഘാടനപ്രസം​ഗം ആരംഭിച്ചത്. നിപ ഉൾപ്പെടെയുള്ള മഹാമാരികൾക്ക് മുൻപിൽ കരുത്തോടെ പ്രവർത്തിച്ച് മരണത്തിനു കീഴടങ്ങിയ ലിനി അടക്കമുള്ള എല്ലാ നഴ്സുമാരെയും മന്ത്രി ചടങ്ങിൽ അനുസ്മരിച്ചു. 

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി, നാഷണൽ ഹെൽത്ത് മിഷൻ അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് ആശുപത്രിയിലെ മൂന്ന് പ്രവർത്തികളും പൂർത്തീകരിച്ചത്. ലക്ഷ്യ മാനദണ്ഡ പ്രകാരം ലേബർ റൂം പുതുക്കിപ്പണിയുന്നതിന് 1.4 കോടി രൂപയാണ് എൻ.എച്ച്.എം ആർ.ഒ.പി പദ്ധതി പ്രകാരം അനുവദിച്ചിരുന്നത്. എച്ച്.എൻ.എൽ ലൈഫ് കെയർ ലിമിറ്റഡനായിരുന്നു നിർമാണ ചുമതല. ശിശുരോഗ വിഭാഗം അത്യാഹിത വിഭാ​ഗം നിർമാണത്തിനായി എൻ.എച്ച്.എം ഇ.സി.ആർ.പി 11 പദ്ധതി പ്രകാരം1.8 കോടി രൂപയാണ്  വകയിരുത്തിയത്. നിലവിൽ ആറു ബെഡ്ഡുകളാണ് അത്യഹിത വിഭാ​ഗത്തിൽ‌ സജ്ജീകരിച്ചിരിക്കുന്നത്. 400 കെ.വി.എ ട്രാൻസ്ഫോർമർ പ്രവർത്തനക്ഷമമാക്കുന്നതിന് 72.2 ലക്ഷംരൂപയാണ് ആവശ്യമായി വന്നത്. എൻ.എച്ച്.എം ഇ.സി.ആർ.പി 1 പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്.

ആശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഇൻചാർജ് ഡോ. വി ആർ രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഉമ്മർ ഫാറൂഖ്, എൻ.കെ.കെ.പി നോഡൽ ഓഫീസർ ഡോ. സി.കെ. ഷാജി, വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. എം. സുജാത സ്വാ​ഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. അബ്ബാസ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live