Peruvayal News

Peruvayal News

പട്ടികജാതി പദ്ധതികളുടെ നിർവ്വഹണം ത്വരിതപ്പെടുത്താൻ തീരുമാനമായി....

കുന്നമംഗലം നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് തീരുമാനമായി. മണ്ഡലാടിസ്ഥാനത്തിൽ രൂപീകരിച്ച ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയിലെത്തിയത്. 

ഗ്രാമപഞ്ചായത്ത് തലത്തിലും ബ്ലോക്ക് അടിസ്ഥാനത്തിലും നടത്തിവരുന്ന പ്രവർത്തനങ്ങളിലും വകുപ്പ് നേരിട്ടു നടത്തുന്ന പദ്ധതികളിലും ഉണ്ടാകുന്ന തടസങ്ങൾ കൃത്യമായി പരിശോധിക്കുന്നതിനും കാലതാമസം ഒഴിവാക്കാൻ ജാഗ്രത പാലിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. 

അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വീതം അനുവദിച്ച പട്ടികജാതി കോളനികളിലെ പ്രവർത്തികളുടെ നിർവ്വഹണത്തിൽ കാലതാമസം വരുന്നതായ പരാതികൾ ആവർത്തിക്കാതിരിക്കാൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ യോഗം വിളിച്ചു ചേർത്ത് പ്രത്യേക മോണിറ്ററിംഗ് നടത്താൻ തീരുമാനിച്ചു. 

പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ലിജി പുൽകുന്നുമ്മൽ, ഓളിക്കൽ ഗഫൂർ, ടി രഞ്ജിത്ത്, എം.കെ സുഹറാബി, പി ശാരുതി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ രാജീവ് പെരുമൺപുറ, നാസർ എസ്റ്റേറ്റ്മുക്ക്, കമ്പളത്ത് സുധ സംസാരിച്ചു. അസി. ജില്ലാ പട്ടികജാതി ഓഫീസർ ജോസഫ് ജോർജ് സ്വാഗതവും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ. പി പ്രിയ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live