കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവം ഇന്നുമുതല്‍ 25 വരെ കണ്ണൂരില്‍ നടക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ 173 ഇനങ്ങളിലായി 5000 ത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ശാസ്ത്രമേള ബര്‍ണശ്ശേരി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സാമൂഹിക ശാസ്ത്ര മേള ചൊവ്വ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഗണിതശാസ്ത്ര മേളയും ഐടി മേളയും എളയാവൂര്‍ സിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പ്രവൃത്തിപരിചയമേള ബര്‍ണശ്ശേരി സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അരങ്ങേറും. ശാസ്ത്ര വിഭാഗത്തില്‍ 17 ഇനങ്ങളിലായി 700 പേരും ഗണിതശാസ്ത്രത്തില്‍ 28 ഇനങ്ങളിലായി 760 കുട്ടികളും സാമൂഹികശാസ്ത്രത്തില്‍ 14 ഇനങ്ങളിലായി 540 കുട്ടികളും പ്രവൃത്തിപരിചയത്തില്‍ 70 ഇനങ്ങളിലായി 1900 കുട്ടികളും സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായുള്ള പ്രവൃത്തിപരിചയത്തില്‍ 34 ഇനങ്ങളിലായി 950 കുട്ടികളും ഐടി മേളയില്‍ 10 ഇനങ്ങളിലായി 310 കുട്ടികളും പങ്കെടുക്കും. ഇന്നു രാവിലെ 10 മുതല്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംഘാടക സമിതി ഓഫിസിലാണ് രജിസ്‌ട്രേഷന്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്ത്ര ക്വിസ്, ഗണിതശാസ്ത്ര ക്വിസ്, ഹൈസ്‌കൂള്‍ വിഭാഗം സാമൂഹികശാസ്ത്ര ക്വിസ് എന്നിവ ഇന്നു നടക്കും. വൊക്കേഷനല്‍ എക്‌സ്‌പോ നാളെ രാവിലെ 9.30ന് മുനിസിപ്പല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൂബിലി ഹാളില്‍ അരങ്ങേറും. 389 വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെ പ്രതിനിധീകരിച്ച് ഏഴു മേഖലകളിലെ വിജയികളാണു പങ്കെടുക്കുക. പ്രളയാനന്തര സാഹചര്യം കണക്കിലെടുത്ത് ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ഒഴിവാക്കിയാണ് മേള സംഘടിപ്പിക്കുന്നത്.
