പരീക്ഷയിലെ പരീക്ഷണം മാറ്റി; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പഴയ രീതിയില്‍ തന്നെ
തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളിലെപ്പോലെ പ്ലസ്ടു പരീക്ഷകള്‍ രാവിലെയും എസ്എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ചകഴിഞ്ഞും നടത്താന്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന ക്യുഐപി മോണിറ്ററിംഗ് യോഗത്തിലാണ് തീരുമാനം.
രണ്ടു പരീക്ഷകളും ഒരേ സമയത്ത് തന്നെ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്രയധികം വിദ്യാര്‍ഥികളെ ഒരേ സമയം പരീക്ഷയ്ക്ക് ഇരുത്താനുള്ള സൗകര്യമില്ലെന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകളുടെ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പഴയ രീതിയില്‍ തന്നെ പരീക്ഷ നടത്താന്‍ തീരുമാനമായത്.
സംസ്ഥാനത്തെ 243 ഹയര്‍സെക്കന്‍ഡറി സ്കൂളിലും 66 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും രണ്ടു പരീക്ഷകളും ഒരേ സമയത്ത് നടത്താനുള്ള സൗകര്യമില്ലെന്ന് അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 നു ആരംഭിച്ച് 28 ന് അവസാനിക്കും. മാര്‍ച്ച് 25 നു സോഷ്യല്‍ സ്റ്റഡീസ് പരീക്ഷയ്ക്ക് ശേഷം 26 നു പരീക്ഷ ഉണ്ടായിരിക്കില്ല.
വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള വിഷയമായ ഗണിത ശാസ്ത്രം പരീക്ഷ മുന്‍ ടൈം ടേബിളില്‍ നിന്നും വ്യത്യസ്ഥമായി 26 നു പകരം 27 നു നടത്തും. അധ്യാപക സംഘടനകളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെ നടത്തും. വെള്ളിയാഴ്ച്ചകളില്‍ പരീക്ഷ രാവിലെ 9.30 മുതലും അല്ലാത്ത ദിവസങ്ങളില്‍ പത്തിനുമായിരിക്കും ആരംഭിക്കുക.
