അസംഘടിത മേഖലയിൽ പെൻഷൻ: ശ്രം യോഗി മന്‍ധനില്‍ ചേരാവുന്നത് 40 വയസ്സിൽ താഴെയുള്ളവര്‍ക്ക് മാത്രം
ന്യൂഡൽഹി:അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മാസം 3000 രൂപ പെൻഷൻ ഉറപ്പാക്കുന്ന 'പ്രധാനമന്ത്രി ശ്രം യോഗി മൻധൻ പദ്ധതി'യിൽ 40 വയസ്സ് കഴിഞ്ഞവർക്ക് ചേരാനാവില്ല. പെൻഷൻ ലഭിക്കുന്നയാൾ മരിച്ചാൽ ജീവിതപങ്കാളിക്കു മാത്രമേ കുടുംബ പെൻഷൻ ലഭിക്കുകയുള്ളൂ. മക്കൾക്ക് ഇതിനർഹതയില്ല. പദ്ധതിസംബന്ധിച്ച് കേന്ദ്ര തൊഴിൽമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഈമാസം ഒന്നിന് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ 18 മുതൽ 40 വയസ്സുവരെയുള്ളവർക്ക് അംഗങ്ങളാകാം. 60 വയസ്സു മുതൽ പെൻഷൻ ലഭിക്കും. മാസ വരുമാനം 15,000 രൂപയിൽ കൂടരുത്. പദ്ധതിയിൽ ചേരുന്ന അന്നുമുതൽ 60 വയസ്സ് പൂർത്തിയാകുന്നതുവരെ വിഹിതം അടയ്ക്കണം. ആധാർനമ്പറും സേവിങ്സ് ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. ദേശീയ പെൻഷൻ പദ്ധതിയിലോ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പദ്ധതിയിലോ ഇ.എസ്.ഐ. പദ്ധതിയിലോ അംഗങ്ങളായവർക്ക് ചേരാനാകില്ല. 18 വയസ്സുള്ളവർ മാസം 55 രൂപ വിഹിതമായി അടയ്ക്കണം. 29 വയസ്സുള്ളവർ 100 രൂപയും 35 വയസ്സുള്ളവർ 150 രൂപയും 40 വയസ്സുള്ളവർ 200 രൂപയും അടയ്ക്കണം. തത്തുല്യമായ തുക കേന്ദ്ര സർക്കാരും പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കും. പദ്ധതിയിലുള്ള അംഗം മരിക്കുകയോ അംഗത്തിന് സ്ഥിരവൈകല്യം ഉണ്ടാകുകയോ ചെയ്താൽ ജീവിതപങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയിൽ തുടരാം. 40 കോടി തൊഴിലാളികളാണ് അസംഘടിതമേഖലയിലുള്ളത്. ഇവരിൽ 10 കോടി തൊഴിലാളികൾക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം പറയുന്നത്.
