ഏഴ് കമ്മീഷനുകൾക്ക് സ്വന്തം ഓഫീസ് കെട്ടിടം: ശിലാസ്ഥാപനം നിർവഹിച്ചു
ഏഴ് കമ്മീഷനുകളുടെ ഓഫീസ് പ്രവർത്തിക്കുന്നതിനായി തിരുവനന്തപുരത്ത് പട്ടം ലീഗൽ മെട്രോളജി ഓഫീസിനു സമീപത്തായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. കെട്ടിടനിർമ്മാണ രംഗത്ത് വലിയ മുന്നേറ്റമാണ് ഈ വകുപ്പിന് കീഴിൽ നടക്കുന്നതെന്നും മികച്ച രീതിയിലാണ് നിർമ്മാണങ്ങളെന്നും മന്ത്രി പറഞ്ഞു. സ്വന്തം കെട്ടിടങ്ങളിലേക്ക് മാറുന്നതോടെ വാടകയിനത്തിൽ സർക്കാരിനുണ്ടാകുന്ന നഷ്ടമൊഴിവാക്കാമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ. മുരളീധരൻ എം.എൽ.എ. പറഞ്ഞു.
പൊതുമരാമത്ത് ഫണ്ടിൽ നിന്നും 45 കോടി രൂപയുടെ ഭരണാനുമതിയാണ് നിർമ്മാണത്തിനായി ലഭിച്ചത്. പട്ടത്തെ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 50 സെന്റ് ഭൂമിയിലാണ് കെട്ടിടം നിർമ്മിക്കുന്നത്. പത്ത് നിലയായി വിഭാവനം ചെയ്തിരിക്കുന്ന കെട്ടിടത്തിന് 8664 ചതുരശ്ര അടി മീറ്റർ വിസ്തീർണ്ണമാണുള്ളത്. അടിയിലെ മൂന്ന് നിലകൾ പാർക്കിങ്ങിനും മറ്റു സൗകര്യങ്ങൾക്കും തുടർന്നുള്ള നിലകളിൽ ലോകായുക്ത, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, ന്യൂനപക്ഷ കമ്മീഷൻ, കാർഷിക കടാശ്വാസ കമ്മീഷൻ, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ, ബയോഡൈവേഴ്‌സിറ്റി ബോർഡ് എന്ന ഓഫീസുകൾക്കുള്ള സൗകര്യമാണ് തയ്യാറാകുന്നത്. അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ, ലോബികൾ, ലൈബ്രറി എന്നിവ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. ആധുനിക മാതൃകയിൽ സൗരോർജ വൈദ്യുതി ഉപയോഗിക്കുംവിധം ഹരിത കെട്ടിട ആശയം ഉൾപ്പെടുത്തിയാണ് നിർമ്മാണങ്ങൾ നടത്തുക.
മേയർ വി.കെ. പ്രശാന്ത്, കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ഇ. കെ. ഹൈദ്രു, മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി മുഹമ്മദ് റാഫി, ഹരിലാൽ ഡി, ജ്യോതി ആർ. തുടങ്ങിയവർ സംസാരിച്ചു.
പി.എൻ.എക്സ്. 900/19
ജീവൻബാബു ജോ. ചീഫ് ഇലക്ടറൽ ഓഫീസറായി ചുമതലയേറ്റു
ജോയിന്റ് ചീഫ് ഇലക്്ടറൽ ഓഫീസറായി കെ. ജീവൻബാബു ചുമതലയേറ്റു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജോ. സി. ഇ. ഒയുടെ സേവനം ചീഫ് ഇലക്ട്രൽ ഓഫീസർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നിയമനം.
പി.എൻ.എക്സ്. 901/19
വേനൽക്കാലത്ത് ആഹാരത്തിലും ദിനചര്യകളിലും ശ്രദ്ധിക്കണം: ഭാരതീയ ചികിത്സാ വകുപ്പ്
വേനലിൽ ഉണ്ടാകാവുന്ന ശാരീരിക മാറ്റങ്ങളും വരാൻ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലുള്ള ആഹാരവും ദൈനംദിന ചര്യകളും പിന്തുടരണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശം നൽകി.
വേനൽക്കാലത്ത് ശരീരബലം കുറയ്ക്കുകയും ശരീരം വരളുന്നത് വർദ്ധിപ്പിക്കുകയും ചെയ്യും.
ശരീരബലം കുറഞ്ഞിരിക്കുന്നതിനാൽ ആഹാരത്തിൽ എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം വളരെയധികം കുറയ്ക്കണം. എളുപ്പം ദഹിക്കുന്നതും ദ്രവരൂപത്തിലുള്ളതും സ്‌നിഗ്ധവും തണുത്ത ഗുണത്തോടു കൂടിയതുമായ ആഹാരങ്ങളുടെ ഉപയോഗം വേനൽക്കാലത്ത് ആരോഗ്യം നിലനിർത്തുന്നതിനും വേനൽക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ഉപയോഗിക്കണമെന്ന് ആയുർവേദം പറയുന്നു. കയ്പുരസമുള്ള പച്ചക്കറികളും ഇക്കാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളും ആഹാരത്തിൽ ധാരാളമായി ഉപയോഗപ്പെടുത്തണം. മത്സ്യവും മാംസവും വളരെക്കുറച്ചുമാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ഗോതമ്പ്, അരി, കൂവരക്, ചോളം, ചെറുപയർ, പരിപ്പ് വർഗങ്ങൾ ഉപയോഗിക്കാം.
കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. വിവിധ തരം പഴച്ചാറുകൾ നേർപ്പിച്ചും ഉപയോഗിക്കാം. കൂടാതെ മോരിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവയും തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകി വൃത്തിയാക്കിയ രാമച്ചമിട്ട് വച്ചിരുന്ന ജലം, നറുനീണ്ടി ഇട്ടു തിളപ്പിച്ച ജലം എന്നിവയും കടിക്കാനായി ഉപയോഗിക്കാം. സാധാരണ കുടിക്കുന്നതിലും കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യവാനായ ഒരു വ്യക്തി 12 മുതൽ 15 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നതാണ് നല്ലത്. മലർപ്പൊടി പഞ്ചസാര ചേർത്ത് അൽപാൽപമായി കഴിക്കുന്നത് ക്ഷീണമകറ്റും.
മദ്യവും അതുപോലെയുള്ള പാനീയങ്ങളും ഒഴിവാക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. നേരിട്ട് സൂര്യ രശ്മികൾ ശരീരത്തിൽ പതിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങൾ ആണ് അനുയോജ്യം. ശരീരതാപം വർധിക്കുന്നതിനാൽ ദേഹത്ത് എണ്ണ തേക്കുന്നത് നല്ലതാണ്. പിണ്ഡതൈലം, നാല്പാമരാദിതൈലം പോലെയുള്ള എണ്ണകൾ പുരട്ടി കുളിക്കുന്നത് ത്വക്കിന് പ്രതിരോധശക്തി വർധിപ്പിക്കും.
സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമായ ഷഡംഗം, കഷായ ചൂർണം, ഗുളൂച്യാദി കഷായ ചൂർണ്ണം, ദ്രാക്ഷാദികഷായ ചൂർണം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനായി ഉപയോഗപ്പെടുത്താം. വേനൽക്കാല രോഗങ്ങൾക്ക് പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ എല്ലാ ഔഷധങ്ങളും ഗവ. ആയുർവേദ സ്ഥാപനങ്ങളിൽ ലഭ്യമാണെന്നും ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്. 902/19
മത്സ്യത്തൊഴിലാളി കടാശ്വാസം: അപേക്ഷ സമർപ്പിക്കാം
മത്സ്യത്തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി 2008 ഡസംബർ 31 വരെ എടുത്ത വായ്പകൾക്കും, 2007 ഡിസംബർ 31 വരെ എടുത്ത വായ്പകളിൽ കടാശ്വാസത്തിന് നിശ്ചിത തിയതിക്കകം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും മത്സ്യത്തൊഴിലാളി കടാശ്വാസത്തിനുള്ള പുതിയ അപേക്ഷ സമർപ്പിക്കാം. ഫോറത്തിന്റെ മാതൃക (ഫോറം സി) ഫിഷറീസ് വകുപ്പിന്റെ www.fisheries.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. അർഹരായ മത്സ്യത്തൊഴിലാളികളിൽ അപേക്ഷാ ഫാറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ സഹിതം മാർച്ച് 31 നകം താഴെ പറയുന്ന വിലാസത്തിൽ അയയ്ക്കണം. സെക്രട്ടറി, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ, റ്റി.സി. 11/884-2, നളന്ദ റോഡ്, നന്തൻകോട്, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003, ഫോൺ: 0471-2312010.
പി.എൻ.എക്സ്. 903/19
പിഴപ്പലിശ ഒഴിവാക്കും
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും വായ്പ എടുത്ത ഗുണഭോക്താക്കളിൽ മാർച്ച് 31 വരെ വായ്പ തീർപ്പാക്കുന്നവർക്ക് ഇത്രയും കാലത്തെ പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കി നൽകും. കോർപ്പറേഷന്റെ കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ ഈ കാലയളവിൽ തുക അടച്ച് വായ്പ തീർപ്പാക്കാം. എത്ര പഴയ വായ്പക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് കോർപ്പറേഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അറിയിച്ചു.
പി.എൻ.എക്സ്. 904/19
ദേശീയ സാങ്കേതിക ദിനം: അപേക്ഷ ക്ഷണിച്ചു
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2019 ലെ ദേശീയ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ചു പരിപാടികൾ സംഘടിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ഐ.ടി.ഐ, പോളിടെക്‌നിക് കോളേജ്, എൻജിനീയറിംഗ് കോളേജ്, സർവകലാശാല എൻജിനീയറിംഗ് വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം, നിർദ്ദേശങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ കൗൺസിലിന്റെ www.kscste.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷകൾ ഡയറക്ടർ, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ അയക്കണം. അവസാന തീയതി എപ്രിൽ 10 വൈകിട്ട് അഞ്ച് വരെ.
പി.എൻ.എക്സ്. 905/19
ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ സെല്ലിൽ നടത്തിവരുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌പോക്കൺ ഇംഗ്ലീഷ്, എം.എസ്സ്.ഓഫീസ്, കംമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ഇലക്‌ട്രോണിക് ഹോബികിറ്റ്‌സ്, ബ്യൂട്ടീഷ്യൻ, ഫാബ്രിക് പെയിന്റിങ്, ടെയിലറിങ്, ബുക്ക് ബൈൻഡിങ്ങ്, സ്റ്റീൽ ഫർണിച്ചർ നിർമാണം, കരകൗശല നിർമാണം തുടങ്ങിയവയാണ് കോഴ്‌സുകൾ. വിശദ വിവരങ്ങൾക്ക് 0471-2490670.
പി.എൻ.എക്സ്. 906/19
