കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്തയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പോലീസ് കസ്റ്റഡിയിലെടുത്തയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് സ്വദേശി നവാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്റ്റേഷനിലെ ശൗചാലയത്തിലാണ് നവാസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുമ്പാണ് മരണം.
മദ്യപിച്ച് ബഹളമുണ്ടാക്കിയതിനായിരുന്നു നവാസിനെ പോസീസ് കസ്റ്റഡിയിലെടുത്തത്. അരീപ്പറമ്പ് പറപ്പള്ളിക്കുന്ന് രാജീവ് ഗാന്ധി കോളനിയിലാണ് നവാസ് താമസിക്കുന്നത്. മദ്യപിച്ച് വീട്ടിലുള്ളവരെ അക്രമിച്ചതിനെ തുടർന്ന് പ്രൊട്ടക്ടീവ് കസ്റ്റഡി എന്ന നിലയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ടാണ് നവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
മനുഷ്യാവകാശ കമ്മീഷൻ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്നും ഡിജിപി അറിയിച്ചു. കസ്റ്റഡി മരണങ്ങൾ ഒരിക്കലും നടക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
