Peruvayal News

Peruvayal News

മൂക്കിലെ ദശമാറ്റാനെത്തിയ ഏഴുവയസ്സുകാരന് വയറില്‍ ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷൻ

മൂക്കിലെ ദശമാറ്റാനെത്തിയ ഏഴുവയസ്സുകാരന് വയറില്‍ ശസ്ത്രക്രിയ: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷൻ

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യാൻ ഉത്തരവ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് സംഭവത്തിൽ ഉത്തരവാദിയായ ഡോക്ടറെ സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്. കഴിഞ്ഞദിവസമാണ് മൂക്കിലെ ദശമാറ്റാൻ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെർണിയക്കുള്ള ശസ്ത്രക്രിയ നടത്തിയത്.


കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് തയ്യിൽ മജീദിന്റെ മകൻ മുഹമ്മദ് ഡാനിഷിനെ(ഏഴ്)യാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആളുമാറി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.


മണ്ണാർക്കാട് അമ്പാഴക്കോട് ഉണ്ണിക്കൃഷ്ണന്റെ മകൻ ധനുഷിനാണ് (ആറ്) ഹെർണിയയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ഇരുവരെയും തിയേറ്ററിൽ പ്രവേശിപ്പിച്ചത്. ഇ.എൻ.ടി. ഡോക്ടർമാർ ഡാനിഷിനെ ശസ്ത്രക്രിയ നടത്താൻ തിരക്കിയപ്പോഴാണ് ആളുമാറിയ വിവരം അറിഞ്ഞത്.


അബദ്ധം മനസ്സിലാക്കിയതോടെ പത്തരയോടെ തിയേറ്ററിനു പുറത്തേക്ക് കുട്ടിയെ എത്തിച്ചു. അപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയ നടത്തിയത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ വയറ്റിൽ എന്തിനാണ് ശസ്ത്രക്രിയ നടത്തിയതെന്നു ഡോക്ടറോട് തിരക്കിയതായി മജീദ് പറയുന്നു. ഹെർണിയ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അതു നടത്തിയതെന്നായിരുന്നു മറുപടി.


യാതൊരു പരിശോധനയും നടത്താതെ രക്ഷിതാവിന്റെ സമ്മതംപോലുമില്ലാതെ ശസ്ത്രക്രിയ നടത്തിയതിൽ കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് വീണ്ടും തിയേറ്ററിലേക്ക് കയറ്റുകയും കുട്ടിയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തുകയുംചെയ്തു. രണ്ട് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ തുടരു കുട്ടിയുടെ നില തൃപ്തികരമാണ്.

Don't Miss
© all rights reserved and made with by pkv24live