ആദ്യം 50 അടി താഴ്ചയിലേക്ക്; രക്ഷപ്പെട്ടിറങ്ങിയത് മരണത്തിലേക്ക്...
തണ്ണിശ്ശേരിയിലെ അപകടത്തിന് തുടക്കമിട്ടത് മറ്റൊരപകടം. ഞായറാഴ്ച ആദ്യ അപകടംനടന്നത് നെല്ലിയാമ്പതി കുണ്ടറച്ചോലയിൽ. രാവിലെ 11ഓടെ നെല്ലിയാമ്പതികണ്ട് മടങ്ങിവരികയായിരുന്ന യുവാക്കളുടെ കാർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ഒറ്റപ്പാലം പള്ളത്ത് ബഷീറിന്റെ മകൻ ജംഷീർ (28), വാടാനാംകുറിശ്ശി വെള്ളിത്തേരി യൂസഫിന്റെ മകൻ ഉമ്മർ ഫാറൂക്ക് (20), വാടാനാംകുറിശ്ശി നാസറിന്റെ മകൻ നിസാർ (17), ഷൊർണൂർ വെട്ടിക്കൽ യൂസഫിന്റെ മകൻ ഷാഫി (13), വാടാനാംകുറിശ്ശി ബഷീറിന്റെ മകൻ ഫവാസ് (17) എന്നിവർക്കാണ് പരിക്കേറ്റത്.
ചുരംപാതയിൽ കുണ്ടറച്ചോലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കാലത്ത് ഏഴുമണിയോടെ നെല്ലിയാമ്പതിയിലേക്ക് കയറിയ ഇവർ മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്. വളവിൽ നിയന്ത്രണംവിട്ട കാർ 50 അടി താഴ്ചയിലേക്ക് മരങ്ങൾക്കിടയിലൂടെ വീഴുകയായിരുന്നു.
തൊട്ടുപിറകിൽവന്ന ബൈക്ക് യാത്രക്കാരാണ് കാർ അപകടത്തിൽപ്പെട്ടത് കണ്ടത്. തുടർന്ന്, ഇവരും പിന്നിൽ നെല്ലിയാമ്പതിയിൽനിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിലുള്ളവരും സ്ഥലത്തെത്തി. പരിക്കേറ്റ ഒരുകുട്ടി റോഡരികിൽ ബസ് തടഞ്ഞുനിർത്തുകയായിരുന്നു. പരിക്കേറ്റവരെ ആദ്യം നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിക്കയായിരുന്നു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട്ടേക്ക് കൊണ്ടുപോകുംവഴിയാണ് തണ്ണിശ്ശേരിയിലെ അപകടം.