കഠുവയിൽ എട്ട് വയസ്സുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന സംഭവത്തിൽ വിധി ഇന്ന്
ഒന്നരവർഷം പഴക്കമുള്ള കഠുവ കൂട്ടബലാത്സംഗക്കേസിൽ തിങ്കളാഴ്ച വിധി പറയും. രാവിലെ 10 മണിക്കായിരിക്കും വിധി പറയുക. കേസിലെ രഹസ്യവിചാരണ ജൂൺ മൂന്നിന് അവസാനിച്ചിരുന്നു.
സുരക്ഷാകാരണങ്ങളാൽ കശ്മീരിൽനിന്ന് മാറ്റി പഞ്ചാബിലെ പഠാൻകോട്ടെ പ്രത്യേക കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്. അറസ്റ്റിലായ പ്രതികളെ അവിടുത്തെ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. വിധി പറയുന്ന പഠാൻകോട്ടെ പ്രത്യേക കോടതിയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി.
ജമ്മുകശ്മീരിലെ കഠുവ ഗ്രാമത്തിൽനിന്ന് 2018 ജനുവരി പത്തിന് കാണാതായ നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരിയുടെ മൃതദേഹം 17-ന് കണ്ടെത്തുകയായിരുന്നു. അതി ക്രൂരമായ ബലാൽസംഗത്തിനിരയായാണ് എട്ട് വയസ്സുകാരി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖർവാൾ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്ന പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിനു പിന്നാലെ കശ്മീരിലെ പലയിടങ്ങളിലും സാമുദായിക കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു.
കഠുവാ ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു പെൺകുട്ടിയെ കുറ്റവാളികൾ പാർപ്പിച്ചിരുന്നതെന്നും അവിടെ വെച്ച് ലഹരി മരുന്ന നൽകി കുട്ടിയെ നാല് ദിവസത്തോളം പ്രതികൾ ബലാൽസംഗം ചെയ്തെന്നാണ് കുറ്റപത്രം. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളടക്കം എട്ടു പേർ കേസിൽ പ്രതികളാണ്.