Peruvayal News

Peruvayal News

പെരുന്നാള്‍ സമ്മാനമായി സഹപാഠികള്‍ക്ക് വീടൊരുക്കി ഒരു കൂട്ടം വിദ്യാര്‍ഥികൾ

പെരുന്നാള്‍ സമ്മാനമായി സഹപാഠികള്‍ക്ക് വീടൊരുക്കി ഒരു കൂട്ടം വിദ്യാര്‍ഥികൾ

അഞ്ച് സഹപാഠികള്‍ക്ക് വേണ്ടി വീട് നിര്‍മ്മിച്ചു നല്‍കി മാതൃകയാവുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. ഫുഡ് ഫെസ്റ്റ് നടത്തി പണം സമാഹരിച്ചാണ് വിദ്യാര്‍ഥികള്‍ കൂട്ടുകാര്‍ക്ക് വീട് ഒരുക്കിയത്. പെരുന്നാള്‍ സമ്മാനമായാണ് വീടുകള്‍ കൈമാറിയത്.


ഫുട്‌ബോള്‍ പെരുമയില്‍ പേരുകേട്ട അരീക്കോട് സഹജീവി സ്‌നേഹത്തിലും മാതൃകയാവുകയാണ്. കൈപുണ്യം എന്ന പേരില്‍ ഫുഡ് ഫെസ്റ്റ് നടത്തിയാണ് 24 ലക്ഷം രൂപ സഹപാഠികള്‍ക്ക് വേണ്ടി ഈ കൊച്ചു കൂട്ടുകാര്‍ സമാഹരിച്ചത്. ഈ തുക കൊണ്ട് നിര്‍ദ്ധനരായ അവരുടെ പ്രിയപ്പെട്ട അഞ്ച് സഹപാഠികള്‍ക്ക് വീടൊരുങ്ങി. ഇന്ന് പെരുന്നാള്‍ ദിനത്തിലാണ് ഗൃഹപ്രവേശനം.


സുല്ലമുസ്ലലാം ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഒരു വീട് നിര്‍മിക്കാനായിരുന്നു ഒരുങ്ങിയത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണം അഞ്ച് വീട് നിര്‍മ്മാണത്തിലേക്ക്‌ സ്‌കൂള്‍ അധികൃതരെ എത്തിക്കുകയായിരുന്നു. വീട് നിര്‍മാണത്തിന് ഫണ്ട് കണ്ടെത്താന്‍ നടത്തിയ കൈപുണ്യം ഫുഡ് ഫെസ്റ്റില്‍ നാട്ടുകാര്‍ ഒഴുകിയെത്തിയതോടെ പദ്ധതി ലക്ഷ്യം കണ്ടു. ഇപ്പോള്‍ കുട്ടികളെ കുറിച്ചു അഭിമാനത്തോടെ വാചാലനാവുകയാണ് പ്രിന്‍സിപ്പാള്‍.


പെരുന്നാള്‍ സമ്മാനമായമാണ് സഹപാഠികള്‍ക്ക് വീട് കൈമാറുന്നത്. പ്ലാസ്റ്റിക് ഷെഡുകളില്‍ നിന്നുള്ള മാറ്റം നടപ്പിലാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നതായി നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ ഷൗക്കത്ത് പറയുന്നു. രക്ഷിതാക്കളും നാട്ടുകാരും അടങ്ങിയ കമ്മിറ്റിയാണ് വീട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

Don't Miss
© all rights reserved and made with by pkv24live