കോഴിക്കോട് വിമാനത്താവളത്തിന് ഊർജം പകരാൻ ‘സൂര്യൻ’
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളം ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. പകൽസമയത്തെ പ്രവർത്തനത്തിനാവശ്യമായ വൈദ്യുതി സോളർ പാനലുകളിൽനിന്നു ലഭിക്കും. പുതിയ രാജ്യാന്തര ആഗമന ടെർമിനലിനു മുകളിൽ സ്ഥാപിച്ച 3.37 കോടി രൂപയുടെ സോളർ പദ്ധതി ഇന്നലെ കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു.2448 പാനലുകളിൽനിന്നായി 800 കിലോവാട്സ് വൈദ്യുതി മണിക്കൂറിൽ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
2015ൽ മറ്റു ടെർമിനലുകൾക്കു മുകളിൽ 4.66 കോടി രൂപ ചെലവിൽ സോളർ സ്ഥാപിച്ചിരുന്നു. അവിടെയുള്ള 2886 പാനലുകളിൽനിന്നായി 750 കിലോവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. ഇനി ഫയർ സ്റ്റേഷന്റെയും സിഐഎസ്എഫ് ബാരക്കിന്റെയും മുകളിൽ സോളർ വിരിക്കാൻ ആലോചനയുണ്ട്. അതുകൂടി പൂർത്തിയാകുന്നതോടെ 1700 കിലോ വാട്ട് വൈദ്യുതി മണിക്കൂറിൽ ഉൽപാദിപ്പിക്കാനാകും. അതോടെ, കോഴിക്കോട് വിമാനത്താവളം പകൽ സമയം പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി പൂർണമായും സൗരോർജത്തിൽനിന്നു കണ്ടെത്താനാകും. രാത്രി സമയങ്ങളിൽ കെഎസ്ഇബിയെ ആശ്രയിക്കും
