മലയത്ത് അപ്പുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം; അനൂജ അകത്തൂട്ടിന് യുവപുരസ്‌കാരം
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം മലയത്ത് അപ്പുണ്ണിക്ക്. സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം അനൂജ അകത്തൂട്ടിന് ലഭിച്ചു. അമ്മ ഉറങ്ങുന്നില്ല എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
ഏവൂർ ശ്രീകുമാർ, ഡോ. കെ.എസ്. രവികുമാർ, യു.എ. ഖാദർ എന്നിവരടങ്ങുന്ന സമിതിയാണ് ബാലസാഹിത്യ പുരസ്കാരം നിർണയിച്ചത്. ഡോ. ഗീത പുതുശ്ശേരി, ഡോ. പി.എസ്. രാധാകൃഷ്ണൻ, ഡോ. നെടുമുടി ഹരികുമാർ എന്നിവരായിരുന്നു യുവ പുരസ്കാര നിർണയ സമിതി അംഗങ്ങൾ.
2010ൽ കേരള സാഹിത്യ അക്കാദമി മലയത്ത് അപ്പുണ്ണിക്ക് സമഗ്രസംഭാവനയ്ക്കായുള്ള പുരസ്കാരം നൽകുകയുണ്ടായി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 1997-ലെ കവിതയ്ക്കുളള അവാർഡ് തേൻതുളളികൾ എന്ന പുസ്തകത്തിന് ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 1998-ലെ ബാലസാഹിത്യ കൃതിയ്ക്കുളള അവാർഡ് കമ്പിളിക്കുപ്പായത്തിന് ലഭിച്ചു. പച്ചിലയുടെ ചിരി എന്ന കവിതാസമാഹാരത്തിന് 2010-ലെ കൃഷ്ണഗീതി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
