രണ്ടു ദിവസത്തെ കേരളാ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി വെള്ളിയാഴ്ച എത്തും
രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തിലെത്തും. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഗുരുവായൂർ ക്ഷേത്രസന്ദർശനത്തിനു ശേഷം ബി ജെ പിയുടെ പൊതുപരിപാടിയിലും മോദി പങ്കെടുക്കും.
വെള്ളിയാഴ്ച രാത്രി 11.20ന് കൊച്ചിയിലെ നാവിക ആസ്ഥാനത്ത് മോദി വിമാനം ഇറങ്ങും. എറണാകുളം ഗസറ്റ് ഹൗസിലായിരിക്കും രാത്രി തങ്ങുക. ശനിയാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രത്യേക അവലോകന യോഗം ചേരും. നിപാ അടക്കമുള്ള വിഷയങ്ങൾ യോഗം വിലയിരുത്താൻ സാധ്യതയുണ്ട്.
ഹെലികോപ്ടർ മാർഗമാണ് മോദി കൊച്ചിയിൽനിന്ന് ഗുരുവായൂരിലേക്ക് പോവുക. 11.30ന് ഗുരുവായൂരിലെത്തുന്ന അദ്ദേഹം ഉച്ചപൂജയ്ക്കു ശേഷം ദർശനം നടത്തും.
തുടർന്ന് ഉച്ചയ്ക്കു ശേഷം ഗുരുവായൂരിൽനിന്ന് കൊച്ചിയിലേക്ക് മടങ്ങും. കൊച്ചി നാവികസേനാ വിമാനത്താവളത്തിൽനിന്ന് അദ്ദേഹം പ്രത്യേക വിമാനത്തിൽ മാലിദ്വീപിലേക്ക് പുറപ്പെടും.രണ്ടാംവട്ടം പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ ആദ്യ വിദേശ യാത്രയാണ് മാലിദ്വീപിലേക്കുള്ളത്.
