നിങ്ങള്‍ നല്‍കുന്നത് പിന്തുണയല്ല, സ്‌നേഹമാണ്; ഹൃദയം കൊണ്ട് രാഹുലിന്റെ അഭിവാദ്യം
കോഴിക്കോട് - വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി ഈങ്ങാപ്പുഴയിലും മുക്കത്തുമായി വഴിയോരങ്ങളില്‍ കാത്തുനിന്ന സ്ത്രീകളും വയോജനങ്ങളും യുവാക്കളും വിദ്യാര്‍ഥികളുമടങ്ങുന്ന ജനസഞ്ചയത്തെ ഹൃദയംകൊണ്ട് അഭിവാദ്യം ചെയ്ത് രാഹുല്‍ ഗാന്ധി.
രാവിലെ 11 മണിക്ക് മുക്കത്ത് എത്തുമെന്നറിയിച്ച രാഹുല്‍ ഗാന്ധി ഈങ്ങാപ്പുഴയിലെ സ്വീകരണം കഴിഞ്ഞ് ഒരു മണിക്കൂര്‍ വൈകി 12 മണിയോടെയാണ് എത്തിയത്. രാഹുലിനെ കാണുന്നതിനായി രാവിലെ ഒമ്പത് മണി മുതല്‍ തന്നെ ജനം മുക്കത്തേക്ക് ഒഴുകുകയായിരുന്നു. റോഡ് ഷോ തുടങ്ങിയ പഴയ ഫയര്‍സ്റ്റേഷന്‍ പരിസരം മുതല്‍ അവസാനിച്ച നോര്‍ത്ത് കാരശ്ശേരി വരെ റോഡിന് ഇരുവശവും മതില്‍ കെട്ടി ജനങ്ങള്‍. മുക്കത്ത് പകല്‍ കനത്ത വെയിലിനെപ്പോലും വകവെക്കാതെയാണ് ആളുകള്‍ മണിക്കൂറുകള്‍ കാത്തു നിന്നത്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലും തുറന്ന വാഹനങ്ങളിലുമായി രാഹുലിന്റെ ചിത്രം പതിച്ച കൊടിയും പാര്‍ട്ടി കൊടികളുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി. 12 മണിയോടെ മുക്കത്തെത്തിയ രാഹുലിനെ മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ടി അഷ്‌റഫ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. എസ്.പി.ജിയുടെയും പോലീസിന്റെയും കനത്ത സുരക്ഷാ വിലക്കിനിടയിലും വാഹനത്തിന്റെ അടുത്തെത്തിയവര്‍ക്ക് രാഹുല്‍ കൈ കൊടുത്തു. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ 700 മീറ്ററോളം റോഡ് ഷോ. റോഡിന് ഇരുവശവും കാത്തിരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തും മലയാളത്തില്‍ നന്ദി അറിയിച്ചും നോര്‍ത്ത് കാരശ്ശേരിയിലേക്ക്.
അതിനിടെ മുക്കം ബൈപാസിനടുത്ത് കാരശ്ശേരി ബാങ്കിന് സമീപം പത്ത് മിനിട്ട് സംസാരം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ കഴിഞ്ഞുവെന്നും പ്രശ്‌നങ്ങള്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും എനിക്ക് വോട്ട് ചെയ്തു. ഇടതുപക്ഷ എം.എല്‍.എ എന്നെ വന്ന് കണ്ടു. അതെനിക്ക് വലിയ സന്തോഷം നല്‍കി. മറ്റു ഇടതുപക്ഷ എം.എല്‍.എമാരെയും കാണാനാഗ്രഹിക്കുന്നു. ആശയപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും അവരുമായി പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കും. എന്നാല്‍ ഇത്തരം സഹകരണങ്ങള്‍ പ്രധാനമന്ത്രിയില്‍ നിന്നോ ബി.ജെ.പിയില്‍ നിന്നോ പ്രതീക്ഷിക്കുന്നില്ല. അവരുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. പ്രധാനമന്ത്രി കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കരുതുന്നില്ല. ഉത്തര്‍പ്രദേശിനോട് കാണിക്കുന്ന മനോഭാവം പ്രധാനമന്ത്രി കേരളത്തോട് കാണിക്കില്ല. ഇടതുപക്ഷവും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി പരിഗണന നല്‍കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എല്ലാവര്‍ക്കും പിന്തുണ കിട്ടാറുണ്ടെങ്കിലും നിങ്ങളെനിക്ക് വലിയ സ്‌നേഹം നല്‍കുന്നു. ഇത് വെറും പിന്തുണ മാത്രമല്ല, സ്‌നേഹമാണ്. മറുപടിയായി എന്റെ സ്‌നേഹം നല്‍കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
നോര്‍ത്ത് കാരശ്ശേരി പ്രിയദര്‍ശിനി ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് വോട്ടര്‍മാര്‍ക്ക് ഒറ്റ വാക്കിലാണ് നന്ദി അറിയിച്ചത്.