Peruvayal News

Peruvayal News

ആന്‍ഡ്രോയിഡിന് പുതിയ എതിരാളി; വേഗമേറിയ 'ഒറോറ ഓഎസ്' പരീക്ഷിക്കാന്‍ വാവേ

ആന്‍ഡ്രോയിഡിന് പുതിയ എതിരാളി; വേഗമേറിയ 'ഒറോറ ഓഎസ്' പരീക്ഷിക്കാന്‍ വാവേ



ലോകം വാഴുന്ന ആൻഡ്രോയിഡ് സ്മാർട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന് പുതിയ എതിരാളിയെത്തുന്നു. അമേരിക്കൻ വാണിജ്യ വിലക്കിനെ തുടർന്ന് നഷ്ടമായ ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓഎസിന് പകരം വാവേ റഷ്യൻ നിർമിതമായ ഓറോറ ഓഎസ് ( Aurora OS )പരീക്ഷിക്കുകയാണെന്ന് റിപ്പോർട്ട്. റഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.



ഫിൻലന്റ് സ്ഥാപനമായ ജോല്ല (Jolla) വികസിപ്പിച്ച സെയ്ൽഫിഷ് ഓഎസ് (Sailfish OS) അധിഷ്ടിതമാക്കി റഷ്യൻ വ്യവസായിയായ ഗ്രിഗറി ബെറെസ്കിനിന്റെ സാമ്പത്തിക പിന്തുണയിൽ റഷ്യൻ ഓപ്പൺ മൊബൈൽ പ്ലാറ്റ്ഫോം വികസിപ്പിച്ച ഓപ്പറേറ്റിങ് സിസ്റ്റമാണ് ഒറോറ. 2018 ൽ റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള റോസ് ടെലികോം ഓപ്പൺ മൊബൈൽ പ്ലാറ്റ്ഫോമിന്റെ 75 ശതമാനം ഓഹരി സ്വന്തമാക്കിയതോടെ ഓറോറ റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലായി.


വാവേ ഫോണുകൾ ഓറോറ ഓഎസിലേക്ക് മാറുന്നതിന്റെ സാധ്യതകൾ വാവേയുടെ റോട്ടേറ്റിങ് ചെയർമാൻ ഗുവോ പിങും റഷ്യയുടെ ഡിജിറ്റൽ ഡെവലപ്പ്മെന്റ് ആന്റ് കമ്മ്യൂണിക്കേഷൻസ് മന്ത്രി കോൺസ്റ്റാന്റിൻ നോസ്കോവും തമ്മിൽ ചർച്ച ചെയ്തതായി റഷ്യൻ മാധ്യമമായ ദി ബെൽ റിപ്പോർട്ട് ചെയ്യുന്നു.



സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന ഈ വർഷത്തെ ഇന്റർനാഷണൽ എക്കോണമിക് ഫോറത്തിൽ (എസ്.പി..ഐ.ഇ.എഫ്) റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Don't Miss
© all rights reserved and made with by pkv24live