ഡോക്ടർമാർക്ക് അന്ത്യശാസനം; ഒന്നെങ്കിൽ പണിയെടുക്കണം; അല്ലെങ്കിൽ ഹോസ്റ്റൽ ഒഴിയണമെന്ന് മമത
കോല്‍ക്കത്ത: പശ്ചിമ ബംഗാളിൽ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി മമത ബാനർജി. സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും അല്ലെങ്കില്‍ എത്രയും പെട്ടെന്ന് ഹോസ്റ്റല്‍ ഒഴിയണമെന്നും മമത ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നിർദേശം നൽകി.
ജോലിക്ക് തിരികെ പ്രവേശിക്കാതെ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കി.
എന്‍ആര്‍എസ് മെഡിക്കല്‍ കോളജിൽ രോഗി മരിച്ചതിനെ തുടർന്നു രോഗിയുടെ ബന്ധുകൾ പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചതെന്നാണ് ബന്ധുകളുടെ ആരോപണം. ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ മുഖർജി ഇപ്പോൾ ചികിത്സയിലാണ്.
മുഖ്യമന്ത്രി നേരിട്ടെത്തി ചർച്ച നടത്തണമെന്നായിരുന്നു ഡോക്ടർമാരുടെ ആവശ്യം. ഇതോടെ എസ്എസ്കെഎമ്മില്‍ എത്തിയ മമത സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
