Peruvayal News

Peruvayal News

സ്കൂളുകൾ തുറന്നു. കാലവർഷമെത്തി. കൂടെ മഴക്കാല രോഗങ്ങളും തലപൊക്കിത്തുടങ്ങി.

സ്കൂളുകൾ തുറന്നു. കാലവർഷമെത്തി. കൂടെ മഴക്കാല രോഗങ്ങളും തലപൊക്കിത്തുടങ്ങി.



മക്കളെ സമയത്തിന് വിളിച്ചുണർത്തി ,ഒരുക്കി സമയം തെറ്റാതെ സ്കൂൾ ബസിന് കയറ്റി വിടാനുള്ള തത്രപ്പാടിലാവും മിക്ക മാതാപിതാക്കളും. അതിനിടയിലാണ് ഈ രണ്ട് മാസം ഒരു കുഴപ്പവുമുണ്ടായില്ല. സ്കൂൾ തുറന്നു.ദേ തുടങ്ങി പനീം ചുമേം എന്ന പതിവ് പറച്ചിൽ ഞങ്ങൾ കേൾക്കാറുള്ളത്. എന്തുകൊണ്ടാണ് സ്കൂളിൽ പോയിത്തുടങ്ങിയാൽ കുട്ടികൾക്ക് അസുഖങ്ങൾ പെട്ടെന്ന് വരുന്നത്? ക്ലാസ് റൂമുകൾ രോഗാണുക്കൾ എളുപ്പം പകരാൻ സാഹചര്യങ്ങൾ ഒരുക്കുന്ന ഒരിടമാണ്. കൂടിയിരിക്കുന്ന കുഞ്ഞുങ്ങൾ ,അവരുടെ സഹജമായ പരസ്പരമുള്ള ഇടപഴകലുകൾ ,അന്തരീക്ഷത്തിലെ ഈർപ്പം തുടങ്ങിയവയെല്ലാം രോഗപ്പകർച്ചക്ക് കാരണമാവുന്നു. വായു വഴി പകരുന്ന അസുഖങ്ങളാണെങ്കിൽ ഒരു ചുമയോ തുമ്മലോ ചീറ്റലോ വഴി എളുപ്പം അത് മറ്റുള്ള കുട്ടികളിലേയ്ക്കും എത്തും. വീട്ടിലാണെങ്കിൽ ഒരു മിനുട്ട് അടങ്ങിയിരിക്കില്ല. സ്കൂളിലാണെങ്കിൽ മിണ്ടാണ്ട് ഒരിടത്തിരുന്നോളും പനി പിടിച്ച കുഞ്ഞിനെ സ്കൂളിൽ വിടാൻ പറയുന്ന പതിവു കാരണങ്ങളിലൊന്ന്. മാതാപിതാക്കൾ രണ്ട് പേരും ജോലിക്കാരായാൽ ഒരാൾ കുഞ്ഞിനെ നോക്കാൻ ലീവെടുക്കേണ്ടി വരുന്നതും,കുഞ്ഞിനെ വിശ്വസിപ്പിച്ചേൽപ്പിക്കാൻ മറ്റാരുമില്ലാത്തതും ഒക്കെ ഇതിനു കാരണമാകാം. രോഗമുള്ള കുഞ്ഞിനെ സ്കൂളിൽ വിടാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. അത് പോലെത്തന്നെ ചില അസുഖങ്ങൾ വന്നാൽ അവ പകരുന്ന കാലയളവ് കഴിഞ്ഞാലേ സ്കൂളിൽ വിടാവൂ. ഉദാഹരണത്തിന് ചിക്കൻപോക്സ് വന്നാൽ പരുക്കൾ എല്ലാം കരിഞ്ഞതിന് ശേഷം മാത്രമേ കുട്ടിയെ സ്കൂളിൽ വിടാൻ പാടുള്ളൂ . പൊതുവായ ആരോഗ്യ ശീലങ്ങൾ ചെറിയ ജലദോഷമോ ചുമയോ ഉള്ളപ്പോൾ തൂവാല ഉപയോഗിക്കാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകാൻ കുട്ടികളെ ശീലിപ്പിക്കണം. സ്നാക്സ് കഴിച്ചതിന് ശേഷവും നന്നായി വായ് കഴുകണം. ആവശ്യത്തിന് വെള്ളം കുട്ടികൾ കുടിക്കുന്നുവെന്ന് ഉറപ്പാക്കണം.മൂത്രം പിടിച്ചു വെക്കുന്നില്ലെന്നും വേണ്ടത്ര ഇടവേളകളിൽ കുട്ടികൾ മൂത്രം ഒഴിക്കുന്നുവെന്നും ഉറപ്പാക്കണം. നല്ല ശുചി മുറികൾ സ്കൂളുകളിൽ ഉണ്ടെന്നും മൂത്രമൊഴിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്ന വിധത്തിൽ ഇടവേളകൾ സ്കൂളുകളിൽ ലഭ്യമാണെന്നും ഉറപ്പാക്കേണ്ടത് അധ്യാപക രക്ഷാകർതൃ സംഘടനകളുടെ പ്രാഥമിക കർത്തവ്യമാണ്. മൂത്രമൊഴിച്ച് കഴിഞ്ഞ് ജനനേന്ദ്രിയം വെള്ളമൊഴിച്ച് കഴുകുന്നത് കുട്ടികളിൽ ശീലമാക്കണം .എന്നാൽ ആൺകുട്ടികളിൽ ഇതിന് വേണ്ടത്ര സൗകര്യമുള്ള ശുചി മുറികൾ ഇല്ലാത്തത് ഒരു പ്രശ്നമാണ്.നിരന്ന് നിന്ന് മൂത്രമൊഴിക്കാവുന്ന തരം സംവിധാനമാണല്ലോ എല്ലായിടത്തും ! മഴക്കാലത്ത് സ്ഥിരം ഷൂ ഉപയോഗിക്കുന്നത് കുട്ടികൾക്ക് ത്വക് രോഗത്തിനും അലർജിക്കും കാരണമാകാം.എന്നാൽ ചില സ്കൂളുകളെങ്കിലും തങ്ങളുടെ സ്റ്റാറ്റസിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ കുട്ടികൾക്ക് മഴക്കാലത്തും ഷൂ നിർബന്ധമാക്കാറുണ്ട്. സാധ്യമെങ്കിൽ ഇത് ഒഴിവാക്കണം. ലഞ്ച് ബോക്സുകൾ സ്റ്റീൽ പാത്രങ്ങളിലാക്കുന്നതാണ് നല്ലത്. ചൂടോട് കൂടി ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിൽ അടച്ച് വെക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വറുത്തതും പൊരിച്ചതും എണ്ണമയമുള്ളതുമായ സ്നാക്സ് കുട്ടികൾക്ക് പതിവായി കൊടുത്തയയ്ക്കരുത്. ഏറിയാൽ ആഴ്ചയിൽ ഒന്നോ രണ്ടോ വട്ടം മാത്രം മതി അത്. നമ്മുടെ നാടൻ ലഘു വിഭവങ്ങളും പഴങ്ങളും അവരുടെ സ്നാക്സിൽ ഉൾപ്പെടുത്തുക. രോഗം വരാതെ സൂക്ഷിക്കലാണ് പരമപ്രധാനം.കുട്ടികൾക്കുള്ള രോഗ പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം നൽകാൻ ശ്രദ്ധിക്കുമല്ലോ .. ഏറ്റവും ഒടുവിലായി ഏറ്റവും പ്രധാന കാര്യം,കുട്ടികളുടെ ഡോക്ടർമാരുടെ സംഘടനയായ ഐ.എ.പിയും മറ്റ് ആരോഗ്യരംഗത്തെ നിരവധി പ്രമുഖരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടും വെള്ളത്തിൽ വരച്ച വര പോലെയായ കാര്യം.. നമ്മുടെ കുട്ടികൾ എന്തിനാണ് പഠിക്കുന്നത്? പർവതാരോഹകർ ആവാനാണോ? ഒരു ഒന്നാം ക്ലാസ്കാരന്റെ സ്കൂൾ ബാഗ് ഇത്തിരി നേരം തൂക്കിപ്പിടിച്ചാൽ നമ്മുടെ കൈകഴയ്ക്കും. സ്കൂൾ ബാഗിന്റെ കനം കുറയ്ക്കൽ, ഓരോ ടേമിലേയും പുസ്തകങ്ങൾ വിഭജിക്കൽ, ടെക്സ്റ്റ് ബുക്കുകൾ സ്കൂളിൽ സൂക്ഷിക്കൽ.എന്തെല്ലാം നിർദ്ദേശങ്ങളായിരുന്നു. നടു വേദനയും ചുമൽ വേദനയുമായി വരുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിന് മാത്രം എന്നിട്ടും യാതൊരു കുറവുമില്ല. ഇതിന് വേണ്ടത് നിയമനിർമ്മാണമാണ്. അറിവിന്റെ ആകാശത്തേക്ക് പറക്കുന്ന അവരുടെ ചിറകുകൾക്ക് അനാവശ്യ ഭാരം ഏൽപ്പിച്ചു കൊടുക്കാതിരിക്കുക എന്നതാണ് നമുക്ക് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. കുഞ്ഞുങ്ങൾ ആരോഗ്യത്തോടെയിരിക്കട്ടെ.
Don't Miss
© all rights reserved and made with by pkv24live