റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഭക്ഷ്യധാന്യം ലഭിക്കില്ല; സമയപരിധി ഈ മാസം അവസാനിക്കും..
റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കാത്തവർക്ക് അടുത്ത മാസം മുതൽ ഭക്ഷ്യധാന്യം ലഭിക്കില്ല. ആധാർ ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി ഈ മാസം അവസാനിക്കും. സംസ്ഥാനത്തെ 3.64 കോടി റേഷൻ ഉപഭോക്താക്കളിൽ 60 ലക്ഷം പേരാണ് ഇനിയും അധാർ ബന്ധിപ്പിക്കാനുള്ളത്. ഇപ്പോഴും 85 ശതമാത്തോളം പേർ മാത്രമേ ആധാർ ബന്ധിപ്പിച്ചിട്ടുള്ളൂ. പലതവണയാണ് കേന്ദ്രം കേരളത്തിന് സമയം നീട്ടി നൽകിയത്. റേഷൻ തിരിമറി തടയുന്നതിന് ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ആധാർ ബന്ധിപ്പിക്കൽ നടപടി ഉർജിതമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് ശ്രമം ആരംഭിച്ചു. റേഷൻ കാർഡിന് അപേക്ഷിക്കുമ്പോഴും പുതുതായി അംഗങ്ങളെ ചേർക്കുമ്പോഴും ആധാർ നിർബന്ധമാക്കി. ഇതിനായി ഓൺലൈൻ സംവിധാനം പരിഷ്‌കരിച്ചു. ആധാർ നമ്പർ ഇല്ലാത്ത അപേക്ഷകൾ നിരസിക്കുന്ന വിധത്തിലാണ് പരിഷ്‌കാരം. വിവിധ ഘട്ടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒട്ടേറെപ്പേർ ഒന്നിലധികം റേഷൻ കാർഡിൽ അംഗങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ബന്ധിപ്പിക്കുന്നതോടെ ഇത്തരക്കാരെ കണ്ടെത്താൻ കഴിയുമെന്ന് സർക്കാർ വിലയിരുത്തുന്നു.