Peruvayal News

Peruvayal News

കാർഡ്ബോർഡ് കൊണ്ടൊരു കഫെ, അതും നമ്മുടെ ഇന്ത്യയിൽ!

കാർഡ്ബോർഡ് കൊണ്ടൊരു കഫെ, അതും നമ്മുടെ ഇന്ത്യയിൽ!

വീട്ടിലെ പഴയ സാധനങ്ങളെല്ലാം കൂട്ടിയിടാൻ വേണ്ടിയാണു സാധാരണ കാർഡ്ബോർഡ് പെട്ടികൾ ഉപയോഗിക്കുക. പക്ഷേ പുതിയൊരു ആശയം ‘നിറയ്ക്കാൻ’ വേണ്ടി കാർഡ്ബോർഡ് ഉപയോഗിച്ചതായി കൂട്ടുകാർ കേട്ടിട്ടുണ്ടോ?അത്തരം ഉഗ്രൻ ആശയത്തിൽ വിരിഞ്ഞൊരു കഫെ മുംബൈയിൽ ആരംഭിച്ചു കഴിഞ്ഞു. ബാന്ദ്ര കുർള കോംപ്ലക്സിലാണ് ഈ കാർഡ്ബോർഡ് കഫെ. പേരുപോലെത്തന്നെ കഫെ പൂർണമായും നിർമിച്ചിരിക്കുന്നത് കാർഡ്ബോർഡ് ഉപയോഗിച്ചാണ്. ചായ കുടിക്കാനൊരിടം ഒപ്പം ചർച്ച ചെയ്യാനും– ആ വിധത്തിലാണ് കഫെ തയാറാക്കിയിരിക്കുന്നത്. കഫെയുടെ ചുമരുകളും മേശകളും കസേരകളും തുടങ്ങി അടുക്കള ഒഴികെ ബാക്കിയെല്ലാ ഭാഗങ്ങളും പൂർണമായും കാർഡ്ബോർഡ് നിർമിതമാണ്.

ലോക പ്രശസ്ത ആർക്കിടെക്ടായ നൂറു കരിം ആണ് ഈ അദ്ഭുത കഫെയ്ക്കു പിന്നിൽ. ഒരുപക്ഷേ ലോകത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു കഫെ പൂർണമായും കാർഡ്ബോർഡിൽ നിർമിച്ചിട്ടുണ്ടാവുക. പുനരുപയോഗിക്കാവുന്ന കാർഡ്ബോർഡ് ഉപയോഗിച്ചായിരുന്നു കരീമിന്റെ പരീക്ഷണങ്ങളെല്ലാം. മൊത്തം കഫെ നിർമിച്ചെടുക്കാൻ ഏകദേശം 40,000 ചതുരശ്ര അടി കാർഡ്ബോർഡ് വേണ്ടി വന്നു. 

 നിർമാണത്തിനായി ഇതു തിരഞ്ഞെടുക്കാൻ മറ്റൊരു കാരണവുമുണ്ട്. കാർഡ്ബോർഡിൽ 50 ശതമാനവും വായുവാണ്. അതിനാൽത്തന്നെ കാര്യമായ ഭാരമില്ല. എത്രകാലം വേണമെങ്കിലും നിൽക്കും, ചെലവും കുറവാണ്. ശബ്ദം വലിച്ചെടുക്കാനും ഇതിലും നല്ല മറ്റൊരു വസ്തുവില്ല. കഫെയിലെ കാർഡ്ബോർഡ് മേശയിൽ വെള്ളമോ സോസോ ഒക്കെ തട്ടിമറിഞ്ഞാലും  പ്രശ്നമില്ല. മെഴുകു പാകി ഓരോ കാർഡ്ബോർഡ് മേശയും ‘വാട്ടർപ്രൂഫ്’ ആക്കിയിട്ടുണ്ട്.

ഏകദേശം ഏഴു മാസമെടുത്തിട്ടാണ് കഫെയുടെ നിർമാണം പൂർത്തിയാക്കിയത്. ഇതിൽ മൂന്നു മാസവും പ്ലാനിങ്ങായിരുന്നു. എവിടെയെല്ലാം കാർഡ്ബോർഡ് ഉപയോഗിക്കണം, എത്രമാത്രം ആവശ്യമുണ്ട്, എങ്ങനെ ചെലവുകുറച്ച് ചെയ്യാം...അങ്ങനെ പല പദ്ധതികളും തയാറാക്കി. പിന്നീട് നാലു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുകയും ചെയ്തു. ഈർപ്പമൊന്നും കാര്യമായി ബാധിക്കില്ല കാർഡ്ബോർഡിനെ. ചൂടിന്റെ കാര്യത്തിലും പേടി വേണ്ട. കഫെയിൽ ഭക്ഷണം കഴിക്കാനെത്തുന്നവർ തങ്ങളുടെ പരീക്ഷണം കണ്ടിട്ടെങ്കിലും പരിസ്ഥിതിയെപ്പറ്റി ചിന്തിക്കട്ടെ എന്നാണ് നിർമാതാക്കൾ പറയുന്നത്. ഇവിടെ വിളമ്പുന്നതും ഓർഗാനിക് ഭക്ഷണമാണ്. 

 കീടനാശിനികളുപയോഗിക്കാത്ത, പ്രാദേശികമായി വാങ്ങുന്ന, പഴം–പച്ചക്കറികൾ ഉപയോഗിച്ചാണ് പാചകം. കാർഡ്ബോർഡ് ചുമ്മാ വലിച്ചെറിഞ്ഞു കളയാനല്ല മറിച്ച് നിർമാണ വസ്തുവായും മറ്റും ഉപയോഗിക്കാമെന്ന് മറ്റുള്ളവരെ ബോധവത്കരിക്കുകയെന്ന ലക്ഷ്യവും കരീമിനുണ്ടായിരുന്നു. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയവയെപ്പറ്റി ആലോചിക്കാൻ അനുയോജ്യമായ ഒരു ഇടം തയാറാക്കുകയെന്നതും. ആരംഭിച്ച് മാസങ്ങൾക്കകം കാർഡ്ബോർഡ് കഫെ ഹിറ്റായിക്കഴിഞ്ഞു.

Don't Miss
© all rights reserved and made with by pkv24live