തിടുക്കപ്പെട്ട് തീരുമാനം പറ്റില്ല: അപേക്ഷയുമായി കര്‍ണാടക സ്പീക്കര്‍ സുപ്രീംകോടതിയിൽ
എംഎൽഎമാരുടെ രാജിയിൽ ഇന്ന് തീരുമാനമെടുക്കണമെന്ന ഉത്തരവിനെതിരെ കർണാടക സ്പീക്കർ സുപ്രീം കോടതിയെ സമീപിച്ചു. എം.എൽഎമാരുടെ രാജി സ്വന്തം നിലയിലാണോ സമ്മർദങ്ങൾക്ക് വഴങ്ങിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സ്പീക്കർ. അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. നാളെ എം.എൽ.എമാരുടെ അപേക്ഷക്കൊപ്പം സ്പീക്കറുടെ അപേക്ഷയും അംഗീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് കർണാടക സ്പീക്കർ കെ രമേഷ് കുമാർ അഭിഭാഷകൻ മനു അഭിഷേക് സിങ്വി വഴി സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ വന്ന ഉത്തരവിൽ ഇന്ന് തന്നെ പത്ത് വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി സ്പീക്കർക്ക് നിർദേശം നൽകിയിരന്നു. എന്നാൽ ഈ നിർദേശം ഇന്ന് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സ്പീക്കർ ഉള്ളത്.
എം.എൽ.എമാരുടെ രജി സ്വന്തം നിലയിലാണോ സമ്മർദങ്ങൾക്ക് വഴങ്ങിയാണോ എന്ന് പരിശോധിക്കണ്ടേതുണ്ട് എന്നാണ് സ്പീക്കർ ഇപ്പോൾ വ്യക്തമാക്കുന്നത്. സഭ ചട്ടങ്ങൾ പ്രകാരം ഇത് പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. പരിശോധന ഇന്ന് പൂർത്തിയാക്കാൻ ഒരു പക്ഷെ സമയം മതിയാകില്ല എന്ന കാര്യമാണ് സ്പീക്കർ പ്രധാനമായും കോടതിയെ അറിയിച്ചിരിക്കുന്നത്.

