ആറ് ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടി കേരള പോലീസിന്റെ സൈബര്‍ ഡോം
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യാന്തര അന്വേഷണ ഏജൻസികളുടെയും സ്വകാര്യ - പൊതുമേഖല കമ്പനികളുടെയും സഹകരണത്തോടെ കേരള പോലീസിന് കീഴിൽ ആരംഭിച്ച സൈബർ ഡോം പുരസ്കാരങ്ങളുടെ നിറവിൽ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഡോം നേടിയത് ഐഎസ്ഒ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആറ് ദേശീയ- രാജ്യാന്തര പുരസ്കാരങ്ങൾ.
ഏറ്റവും ഒടുവിലായി ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് സംഘങ്ങൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയതിന് ബി.ഡബ്ള്യു. ബിസിനസ് വേൾഡ് ഡിജിറ്റൽ ഇന്ത്യ അവാർഡ് 2019 സൈബർ ഡോമിന് ലഭിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആദിത്യ ഐപിഎസ് പുരസ്കാരം ഏറ്റുവാങ്ങി.
2018-19 വർഷത്തിൽ എഫ്ഐസിസിഐ സ്മാർട്ട് പോലീസിങ് അവാർഡ് , സ്കോച്ച് ഓർഡർ ഓഫ് മെരിറ്റ് അവാർഡ് ഫോർ സ്മാർട്ട് പോലീസിങ്, ഇൻഫർമേഷൻ സെക്യൂരിറ്റി ലീഡർഷിപ്പ് അവാർഡ് ഏഷ്യ പെസഫിക് ഇൻ മാനേജെരിയൽ പ്രൊഫഷണൽ കാറ്റഗറി ഫോർ ആൻ ഇൻഫോ സെക് പ്രോജക്ട്, കെ 7 സെക്യൂരിറ്റി മെഡൽ ഓഫ് ഓണർ അവാർഡ്, സിസോമാഗ് ബെസ്റ്റ് ഡിജിറ്റൽ ഇന്നവേഷൻ അവാർഡ് എന്നിവയടക്കം ആറ് പുരസ്കാരങ്ങാണ് സൈബർ ഡോം കരസ്ഥമാക്കിയത്. കേരള പോലീസിന് കീഴിൽ പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ എഡിജിപി മനോജ് എബ്രഹാമിന്റെ ആശയത്തിൽ ആരംഭിച്ചതാണ് സൈബർ ഡോം. രാജ്യാന്തര തലത്തിൽ മികച്ച കുറ്റാന്വേഷണത്തിന് പേരു കേട്ട സൈബർ ഡോമുമായി ഇന്റർപോളും സഹകരിക്കുന്നു.

