ഹരിയാനയിലെ കൈതൽ നഗരത്തിന് സമീപം തെരുവ് നായ്ക്കൾ നവജാത ശിശുവിനെ രക്ഷിച്ചു.
ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിന് തെരുവ് നായ്ക്കൾ തുണയായി. ഹരിയാനയിലെ കൈതൽ നഗരത്തിന് സമീപമാണ് സംഭവം. ജനിച്ച ഉടനെയുള്ള ഈ പെൺകുഞ്ഞിനെ ഒരു സ്ത്രീ പ്ലാസ്റ്റിക്ക് കവറിലാക്കി ഓവുചാലിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഓവുചാലിൽ കിടന്ന് കരഞ്ഞ കുഞ്ഞിനെ ഒരുകൂട്ടം തെരുവ് നായ്ക്കൾ വലിച്ച് കരയിലേക്കിട്ട ശേഷം കുരച്ച് ആളുകളുടെ ശ്രദ്ധ ക്ഷണിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ചിലർ കുഞ്ഞിനെ രക്ഷിച്ച ശേഷം പോലീസിൽ വിവരമറിയിച്ചു.
സമീപത്ത് സ്ഥാപിച്ച സി.സി.ടി.വിയിൽ ഈ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ആരോഗ്യ പ്രവർത്തകർ ഏറ്റെടുത്ത കുഞ്ഞ് സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് ഭാരക്കുറവുള്ളതായും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഗുരുതരാവസ്ഥയിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

