Peruvayal News

Peruvayal News

ചന്ദ്രയാൻ- 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്

ചന്ദ്രയാൻ- 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്


ബെംഗളൂരു:ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിലെ നിർണായകദിനമായ ചൊവ്വാഴ്ച ദ്രവ എൻജിൻ ജ്വലിപ്പിച്ച് ചന്ദ്രയാൻ-2 രാവിലെ 8.30-നും 9.30-നുമിടയിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്കുള്ള പ്രവേശനമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറഞ്ഞു.


ഭൂമിയുടെ ഭ്രമണപഥം വിട്ട് ഓഗസ്റ്റ് 14-നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്.

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയാൽ വീണ്ടും നാലുതവണ സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമപഥത്തിൽ 13 ദിവസം ചുറ്റിയശേഷം സെപ്റ്റംബർ രണ്ടിന് ഓർബിറ്ററിൽനിന്ന് വിക്രം എന്നു പേരുള്ള ലാൻഡർ വേർപെടും.

തുടർന്ന് ഏഴിനാണ് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങുന്നത്. ഇതിനായി ഓർബിറ്ററിൽനിന്നും വേർപെടുന്ന ലാൻഡറിനെ രണ്ടുതവണ ഭ്രമണ പഥത്തിൽ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ഐ. എസ്.ആർ.ഒ. ടെലിമെട്രിയിലുള്ള മിഷൻ ഓപ്പറേഷൻ കോപ്ലക്സും ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ബെംഗളൂരുവിനടുത്തുള്ള ഇന്ത്യൻ ഡീപ് സ്പേസ് നെറ്റ്വർക്കിൽ നിന്നാണ് ആവശ്യമായ നിർദേശങ്ങൾ നൽകുന്നത്.


ഭൂമിയുടെ ഭ്രമണപഥത്തിൽ 23 ദിവസം ചുറ്റിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്. സോഫ്റ്റ് ലാൻഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാൻഡറിൽനിന്നും റോവർ പുറത്തിറങ്ങി ഉപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തും. ഇതിൽ നേരത്തേ വിജയിച്ചത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ്.


Don't Miss
© all rights reserved and made with by pkv24live