അഴിമതി, അധികാര ദുര്‍വിനിയോഗം: 22 നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കൽ
അഴിമതി ഉൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ട 22 കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡിലെ ഉദ്യോഗസ്ഥർക്കാണ് നിർബന്ധിത വിരമിക്കൽ.
ഇവർക്കെതിരെ സിബിഐ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. സൂപ്രണ്ടന്റ്ന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥരോടാണ് ജോലിയിൽ നിന്ന് വിരമിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നാഗ്പുർ, ഭോപാൽ, ചെന്നൈ, ബെംഗളൂരു, ഡൽഹി, ജെയ്പുർ, കൊൽക്കത്ത, മീററ്റ്, മുംബൈ, ചണ്ഡീഗഡ് തുടങ്ങിയ സോണുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കാണ് നിർബന്ധിത വിരമിക്കൽ നടപ്പിലാക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. നികുതി വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നുണ്ട്. ഇവർ സത്യസന്ധമായി നികുതി അടക്കുന്നവരെ അപമാനിക്കുന്നു. നികുതി അടവിൽ ചെറിയ തെറ്റുകൾ മാത്രം വരുത്തുന്നവരെ കഠിനമായി ദ്രോഹിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നടപ്പിലാക്കും. ഇത്തരം പ്രവണതകൾ വെച്ചുപൊറുപ്പിക്കില്ല- മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞത് ഇപ്രകാരമാണ്..

