നിർബന്ധിത വിരമിക്കൽ നീക്കം , റെയിൽവേ മൂന്നു ലക്ഷം പേരെ പിരിച്ചുവിടും
റെയിൽവേയിൽ കാര്യമക്ഷമത കൂട്ടാനെന്ന പേരിൽ മൂന്നു ലക്ഷം ജീവനക്കാരെ വി.ആർ.എസ് ആനുകൂല്യം നൽകി പിരിച്ചുവിടാൻ നീക്കം. വിരമിക്കൽ പ്രായം 60 ആണെന്നിരിക്കെ, 55 വയസു കഴിഞ്ഞവരെയും 30 വർഷം സർവീസ് പൂർത്തിയാക്കിയവരെയും നിർബന്ധിത വിരമിക്കൽ നൽകി ഒഴിവാക്കാനാണ് ആലോചന. കാര്യക്ഷമത കൂട്ടാൻ യുവാക്കൾ വേണമെന്ന കണക്കു കൂട്ടലിൽ രണ്ടു ലക്ഷം പേരെ പുതുതായി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, മധുര, തൃശിനാപ്പള്ളി, സേലം ഡിവിഷനുകൾ ഉൾപ്പെട്ട ദക്ഷിണ റെയിൽവേയിൽ നിന്നു മാത്രം 2900 പേരാണ് പുറത്താവുക. ആകെയുള്ള 16 മേഖലകളിലെ ( സോൺ ) 68 ഡിവിഷനുകളിൽ നിന്നാണ്
ജീവനക്കാരെ ഒഴിവാക്കുന്നത്.
റെയിൽവേ മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് അനാരോഗ്യവും പ്രവർത്തന മികവില്ലായ്‌മയും വിലയിരുത്തി, പിരിച്ചുവിടേണ്ടവരുടെ പട്ടിക ഭൂരിപക്ഷം ഡിവിഷണൽ മാനേജർമാരും ഡെപ്യൂട്ടി മാനേജർമാരും അയച്ചുകഴിഞ്ഞു. ജീവനക്കാരുടെ ആരോഗ്യ റിപ്പോർട്ടും, മുൻ വർഷങ്ങളിലെ പെർഫോമൻസ് റിപ്പോർട്ടും മന്ത്രാലയം വിലയിരുത്തിയ ശേഷമാകും നോട്ടീസ്. മൂന്നു ഘട്ടങ്ങളായി ഇവരെ ഒഴിവാക്കുമെന്നാണ് സൂചന.
ഏഷ്യയിൽത്തന്നെ ഏറ്റവുമധികം ജീവനക്കാരുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേയിൽ (ലോകത്ത് എട്ടാം സ്ഥാനം) നിലവിൽ 13 ലക്ഷം സ്ഥിരജീവനക്കാരുണ്ട്.

