മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹാജിമാർ നൽകിയത് 7, 45, 000/- രൂപ
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് കർമം നിർവഹിക്കാൻ നെടുമ്പാശ്ശേരി എംബാർക്കേഷൻ പോയന്റൽ നിന്നും യാത്രയായിരുന്നവർ മടങ്ങിയെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 7, 45, 000/- രൂപ. സംസ്ഥാനത്തെ പ്രകൃതി ദുരന്തത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാനാണ് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ തുക ശേഖരിച്ചത്.
നാല് ദിവസങ്ങളിലായി മടങ്ങിയെത്തിയ ഹാജിമാരിൽ നിന്നാണ് ഇത്രയും തുക സമാഹരിച്ചത്. കരിപ്പൂരിൽ നിന്ന് യാത്രയായ ഹാജിമാരും ഇത്തരത്തിൽ ദുരിതാശ്വാസ ഫണ്ട് ശേഖരിച്ച് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം മുഴുവൻ തീർഥാടകരും യാത്രയായത് നെടുമ്പാശ്ശേരിയിൽ നിന്നായിരുന്നു. അന്ന് 25 ലക്ഷം രൂപയാണ് ഹാജിമാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി, അനസ് ഹാജി, മുസമ്മിൽ ഹാജി, എൻ പി ഷാജഹാൻ, ജസിൽ തോട്ടത്തിക്കുളം, ഹൈദ്രോസ് ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണ യജ്ഞം നടന്നത്.

