നോര്‍ക്ക പുനരധിവാസ പദ്ധതി: ഈടില്ലാതെ പത്തുലക്ഷം രൂപവരെ ബങ്ക് ഓഫ് ഇന്ത്യ നല്‍കും
നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് (NDPREM) പ്രകാരം പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ നല്‍കാന്‍ ബങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പദ്ധതി സംബന്ധിച്ച് നോര്‍ക്ക റൂട്സുമായി ബാങ്ക് ഓഫ് ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. 30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതികള്‍ക്ക് 15 ശതമാനം വരെ മൂലധന സബ്സിഡിയും (പരമാവധി 3 ലക്ഷം രൂപ) കൃത്യമായ തിരിച്ചടവിന് 3 ശതമാനം പലിശ സബ്സിഡിയും നല്‍കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്‍റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്‍റ്സ് (NDPREM).
നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ബാങ്ക് ഓഫ് ഇന്ത്യയുടെ കേരള മേഖലാ സോണല്‍ മാനേജര്‍ വി. മഹേഷ് കുമാറും തമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ധാരണാപത്രം കൈമാറി. നോര്‍ക്ക് റൂട്ട്സ് റസിഡന്‍സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ജനറല്‍ മാനേജര്‍ ഡി. ജഗദീശ്, ബാങ്ക് ഓഫ് ഇന്ത്യ ഏരിയ മാനേജര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സീനിയര്‍ മാനേജര്‍ ആര്‍. രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
നിലവില്‍ ഈട് വെക്കാന്‍ നിവൃത്തിയില്ലാതെ സംരംഭങ്ങള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുന്ന തിരികെയെത്തിയ പ്രവാസികള്‍ക്ക് ആശ്വാസമാണ് ഈ പദ്ധതി.

