എസ്ബിഐ സ്ഥിര നിക്ഷേപ പലിശ വീണ്ടും കുറച്ചു: കൂടിയ പലിശ 6.25 ശതമാനം
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറച്ചു. പുതിയ നിരക്കുകൾ നവംബർ 10 മുതൽ പ്രാബല്യത്തിൽവരും.
ഈ വർഷം ഇതുവരെ റിപ്പോ നിരക്ക് 135 ബേസിസ് പോയന്റ് കുറച്ചതിനെതുടർന്ന് മറ്റു ബാങ്കുകളും നിക്ഷേപ പലിശ ഇടക്കിടെ കുറവുവരുത്തിയിരുന്നു.
ഒരുവർഷത്തിനും രണ്ടുവർഷത്തിനുമിടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്കിൽ ഇത്തവണ 15 ബേസിസ് പോയന്റാണ് കുറവുവരുത്തിയത്.
പുതുക്കിയ പലിശ
7 ദിവസം മുതൽ 45 ദിവസംവരെ 4.50ശതമാനം
46 ദിവസം മുതൽ 179 ദിവസംവരെ 5.50 ശതമാനം
180 ദിവസം മുതൽ 210 ദിവസംവരെ 5.80 ശതമാനം
211 ദിവസം മുതൽ ഒരുവർഷംവരെ 5.80 ശതമാനം
ഒരു വർഷം മുതൽ 2 വർഷംവരെ 6.25 ശതമാനം
2 വർഷം മുതൽ 3 വർഷംവരെ 6.25 ശതമാനം
3 വർഷം മുതൽ 5 വർഷംവരെ 6.25 ശതമാനം
5 വർഷം മുതൽ 10 വർഷംവരെ 6.25 ശതമാനം
മുതിർന്ന പൗരന്മാർക്ക് അരശതമാനംവരെ അധിക പലിശ ലഭിക്കും.
രണ്ടു കോടി രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങൾക്കുള്ള പലിശയും കുറച്ചിട്ടുണ്ട്. 30 മുതൽ 75 ബേസിസ് പോയന്റുവരെയാണ് കുറവുവരുത്തിയിട്ടുള്ളത്.
വായ്പാ പലിശയും ഇതോടൊപ്പം കുറച്ചു. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് റേറ്റ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ 5 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ഒരുവർഷ കാലാവധിയുള്ള എംസിഎൽആർ നിരക്ക് 8.05 ശതമാനത്തിൽനിന്ന് 8 ശതമാനമാകും. നവംബർ 10 മുതലാണ് ഈ നിരക്കും പ്രാബല്യത്തിൽവരിക.
2019-20 സാമ്പത്തിക വർഷത്തിൽ ഇത് ഏഴാംതവണയാണ് ബാങ്ക് എംസിഎൽആർ നിരക്ക് കുറയ്ക്കുന്നത്.
