കൊറോണ വൈറസ്: ചൈനയില്‍ നിന്ന് എത്തിയത് 288 പേര്‍, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും വൈറസ് ബാധയ്ക്കെതിരെ അതീവ ജാഗ്രത. ചൈനയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് പ്രത്യേക നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 288 പേരാണ് രോഗബാധിത പ്രദേശത്തു നിന്ന് സംസ്ഥാനത്തേക്ക് എത്തിയത്. ഇതിൽ 281 പേർ വീടുകളിലും ഏഴു പേർ വിവിധആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്.
ഇവരിൽ സംശയാസ്പദമായവരുടെ രക്തസാമ്പിളുകൾ പൂണെയിലെ എൻ. ഐ. വി യിലേക്ക് പരിശോധനയക്കയച്ചു. അതേസമയം, ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരിൽ ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ജനങ്ങൾ വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് മൂടുകയും കൈകൾ ഇടയ്ക്കിടെ സോപ്പും, വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.
ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാൻ വിമാനത്താവളങ്ങളിൽ അടക്കമുള്ള സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. കൊച്ചിയുൾപ്പെടെ ഏഴു അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് തെർമൽ സ്ക്രീനിങ്ങ് നടത്തുന്നുണ്ട്.
