പെരുമണ്ണയിലെ സമ്പർക്ക പട്ടിക പുറത്ത് വിട്ടവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം, മുസ്ലിം ലീഗ്
പെരുമണ്ണ: കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകക്ക് കോ വിഡ് പൊസിറ്റീവായത് മൂലം മുഴുവൻ വാർഡുകളും കണ്ടെയ്ന്റ്മെന്റ് സോണാക്കിയ പെരുമണ്ണ പഞ്ചായത്തിൽ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പേരും അഡ്രസ്സും ഉൾപ്പെട്ട സമ്പർക്കപട്ടിക സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചവർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് പെരുമണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കുമ്മങ്ങൽ അഹമ്മദും ജനറൽ സെക്രട്ടറി വി.പി.കബീറും ആവശ്യപ്പെട്ടു.
ദുരന്തനിവാരണ നിയമപ്രകാരം കോവിഡ് 19 സമ്പർക്കപട്ടികയിൽ വ്യക്തികളുടെപേരും വീട്ടുപേരും പുറത്ത് വിടാൻ പാടില്ലെന്ന് കർശ്ശനമായി നിർദ്ധേശിക്കുന്നുണ്ട്. എന്നിരിക്കെ പട്ടികയുടെ ഔദ്യോഗിക പി.ഡി.എഫ് കോപ്പിയാണ് ചൊവ്വാഴ്ച വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സമ്പർക്ക പട്ടികയിലുള്ളവരെ ഔദ്യോഗികമായി വിവരമറിയിക്കുന്നതിന്ന് മുമ്പ് ഇവരുടെ പേര് വിവരം പുറത്ത് വന്നതോടെ ജനങ്ങൾ ഭയാശങ്കയിലാണ്. തങ്ങളുടെ പേര് മാധ്യമങ്ങളിൽ പ്രചരിക്കുമ്പോഴും പട്ടികയിലുണ്ടെന്നറിയാതെ വീട്ടിൽ നിന്നും പുറത്തിറങ്ങിയ സാധാരണക്കാർ, ആരോഗ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവരും ആശങ്കയിലാണ് ഈ കൃത്യവിലോപത്തിനെതിരെ കർശ്ശനമായ നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
