പ്രളയഭീതിയുൾപ്പടെ പ്രകൃതിദുരന്തങ്ങളെ നേരിടാൻ രക്ഷാ സേനയൊരുക്കി സേവാദൾ
ഒളവണ്ണ : തുടർച്ചയായി വന്ന പ്രളയങ്ങളിൽ ഏറെ ബാധിക്കപ്പെട്ട ഒളവണ്ണയിൽ സേവാദളിൻ്റെ നേതൃത്വത്തിൽ സജ്ജമാക്കിയ ദുരന്തനിവാരണ സേന നാളെ മുതൽ കർമ്മരംഗത്തിറങ്ങുന്നു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയും കുന്ദമംഗലം നിയോജക മണ്ഡലം കോൺഗ്രസ്സ് സേവാദൾ കമ്മിറ്റിയും സംയുക്തമായാണ് സേന രൂപീകരിച്ചത്. പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസിൻ്റെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങൾ വെള്ളപ്പൊക്കത്തെയും മറ്റ് ദുരന്തങ്ങളെയും അതിജീവിക്കാൻ തക്ക രക്ഷാ ഉപകരണങ്ങൾ സഹിതം നാളെ മുതൽ ദുരന്തമുഖത്തേക്ക് പാഞ്ഞെത്തും.
മാമ്പുഴയിലും ചെറുപുഴയിലും ചാലിയാറിലും രക്ഷാപ്രവർത്തനം നടത്താവുന്ന രണ്ട് ഫൈബർ തോണികളും ലൈഫ് ജാക്കറ്റുകളും അനുബന്ധ ഉപകരണങ്ങളും സേനയുടെ ഭാഗമായുണ്ട്. വൻമരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെടുകയോ മറ്റപകടങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോൾ അവ മുറിച്ചുമാറ്റാൻ കഴിയുന്ന തരത്തിലുള്ള ആയുധങ്ങളും ഉപകരണങ്ങളും സേനയുടെ പക്കൽ സജ്ജമാണ്. ആഴമുള്ള കിണറുകളിൽ അപകടമുണ്ടായാലും ദുരന്തനിവാരണ സേന രക്ഷയ്ക്കെത്തും. വാഹനാപകടമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും മറ്റുമായി പ്രഥമ ശ്രുശ്രൂഷ സംവിധാനവും സേന സ്വായത്തമാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ വരെ വ്യക്തമായി കാണാവുന്ന ടോർച്ചുകൾ, വെള്ളത്തിനടിയിലും പ്രവർത്തിപ്പിക്കാവുന്ന ടോർച്ചുകൾ, ദൂരക്കാഴ്ചയ്ക്കുള്ള ബൈനോക്കുലർ, മലവെളളപ്രവാഹത്തെ മുറിച്ചുകടക്കാൻ സഹായിക്കുന്ന നൈലോൺ കയറുകൾ എന്നിങ്ങനെ രക്ഷാ ഉപകരണങ്ങളുടെ വിപുലമായ ശ്രേണി സേനക്ക് സ്വന്തമായുണ്ട്.
സേവാദൾ അഖിലേന്ത്യാ കമ്മിറ്റിയുടെ നിർദ്ദേശാനുസാരം സംഘടിപ്പിക്കപ്പെട്ട *ആപത്കാൽ പ്രബന്ധൻ സേവാ സമിതി* എന്ന നിലയിലാണ് ദുരന്തനിവാരണ സേന പ്രവർത്തിക്കുക. ദുരന്തനിവാരണത്തിൽ പരിശീലനം നേടിയ വളണ്ടിയർമാർ കഴിഞ്ഞ ദിവസം പരിശീലനം പൂർത്തിയാക്കി സേവന സന്നദ്ധരായി ഒരുങ്ങി.
സേനയുടെ ഉദ്ഘാടനം ഒളവണ്ണ - നാഗത്തും പാടത്ത് ജൂലൈ 11 ശനി രാവിലെ 10 മണിക്ക് കെ പി സി സി വൈസ് പ്രസിഡണ്ട് ടി ശരത്ചന്ദ്ര പ്രസാദ് ലൈവ് വീഡിയോ സന്ദേശം വഴി ഉദ്ഘാടനം ചെയ്യും. കെ പി സി സി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖ് രക്ഷാ ബോട്ടുകളുടെ ഉദ്ഘാടനവും കെ പി സി സി ജന സെക്രട്ടറി പി എം നിയാസ് ലൈഫ് ജാക്കറ്റ് വിതരണോദ്ഘാടനവും നിർവ്വഹിക്കും. മുഖ്യാതിഥിയായി സേവാദൾ സംസ്ഥാന പ്രസിഡണ്ട് എം എ സലാം പങ്കെടുക്കും. സേവാദൾ നേതാക്കളായ എ പി രവീന്ദ്രൻ, കെ രവീന്ദ്രൻ എന്നിവർ പങ്കെടുക്കും എന്ന് സംഘാടക സമിതി നേതാക്കളായ എ ഷിയാലി, വിനോദ് മേക്കോത്ത്, മഠത്തിൽ അബ്ദുൾ അസീസ് എന്നിവർ അറിയിച്ചു.
