ജോലിയും വരുമാനവുമില്ലാതെ സര്‍ക്കാര്‍- എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അധ്യാപകര്‍
കൊവിഡ് പ്രതിസന്ധിയില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട് ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അധ്യാപകര്‍.
കൊവിഡ് കാലം കഴിയുന്നതുവരെ കോളജുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കേണ്ടെന്ന കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കൂടി വന്നതോടെ ഭാവി ഓര്‍ത്ത് വിഷമത്തിലായിരിക്കുകയാണ് ആയിരകണക്കിന് അധ്യാപകര്‍. 3500-ലധികം ഗസ്റ്റ് അധ്യാപകരെയാണ് ഇത് ബാധിക്കുന്നത്. കൊവിഡ് പ്രതിസന്ധി ഉടനൊന്നും തീരാന്‍ സാധ്യതയില്ലാത്തതിനാല്‍ എത്രയും വേഗം കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പിന്‍വലിച്ച് ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
കൊവിഡ് രൂക്ഷമായതോടെ കോളജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ ഓരോ പഠനവിഭാഗത്തിലും ഒരു സ്ഥിരം അധ്യാപകനെങ്കിലും ഉണ്ടെങ്കില്‍ അവിടെ ഗസ്റ്റ് അധ്യാപകരെ നിയമിക്കേണ്ടതില്ലെന്നും സ്ഥിരാധ്യാപകര്‍ തന്നെ ക്ലാസുകള്‍ കൈകാര്യം ചെയ്താല്‍ മതിയെന്നുമുള്ള ഉത്തരവ് എത്തിയത്. ഇതോടെ ഗസ്റ്റ് അധ്യാപക നിയമനം നടക്കാത്ത അവസ്ഥയിലായി. ഇവര്‍ക്ക് പകരമായി ഇതേ വിഷയം കൈകാര്യം ചെയ്യുന്ന സമീപത്തെ മറ്റ് കോളജുകളില്‍ നിന്നുള്ള അധ്യാപകരുടെ ക്ലാസുകള്‍ പ്രയോജനപ്പെടുത്തിയാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
കഴിഞ്ഞ 2019 ജൂണ്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള അക്കാദമിക് വര്‍ഷം ജോലി ചെയ്തതിന്റെ ശമ്പളം പോലും ഇതുവരെ ഭൂരിപക്ഷം ഗസ്റ്റ് അധ്യാപകര്‍ക്കും ലഭിച്ചിട്ടില്ല. ഇവര്‍ക്ക് ഏപ്രില്‍-മേയ് മാസങ്ങളില്‍ ശമ്പളവുമില്ല. എന്നാല്‍ സെമസ്റ്റര്‍ ആയതിനാല്‍ മുന്‍വര്‍ഷങ്ങളിലെല്ലാം തന്നെ ഏപ്രില്‍-മേയ് മാസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ എടുത്താണ് പാഠ്യഭാഗങ്ങള്‍ തീര്‍ക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ആയതോടെ ഇത്തവണ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുത്താണ് പാഠ്യഭാഗങ്ങള്‍ തീര്‍ത്തത്. മാര്‍ച്ചിലെ ആദ്യ ലോക്ഡൗണ്‍ കാലത്ത് രണ്ടാഴ്ചത്തെ ശമ്പ ളം എല്ലാ ജീവനക്കാര്‍ക്കും നല്കാന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിരുന്നു. എന്നാല്‍ അത് ഗസ്റ്റ് അധ്യാപകര്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് കോളജ് വിദ്യാഭ്യാസ അധികൃതരുടെ നിലപാടെന്നും പറയുന്നു.
ജൂണ്‍ മുതല്‍ ജോലിയില്ലാത്ത അവസ്ഥയാണ്. അടിയന്തരമായി ഉത്തരവ് പിന്‍വലിച്ച് റെഗുലര്‍ ക്ലാസുകള്‍ പോലെ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്നതിന് ഗസ്റ്റ് അധ്യാപകരെ നിയോഗിക്കണമെന്നും മുന്‍ വര്‍ഷങ്ങളിലെ ശമ്പളം ഉള്‍പ്പെടെ ഉടന്‍ അനുവദിക്കണമെന്നും കോളജ് ഗസ്റ്റ് ലക്ചേഴ്സ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.