സേവനത്തിലിരിക്കെ മരിച്ച ആരോഗ്യ പ്രവർത്തകക്ക് സർക്കാർ നഷ്ടപരിഹാരം
നൽകുക-ദിനേശ് പെരുമണ്ണ
കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കെ മരണമടഞ്ഞ ദിവസ വേതന ശുചീകരണ തൊഴിലാളിയായ സാബിറയ്ക്ക് സർക്കാർ ഉചിതമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് കേരള ഗവ.എച്ച് ഡി എസ് സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി)
ജില്ലാ പ്രസിഡൻറ് ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. നടക്കാവ് സ്വദേശിനിയായ സാബിറ നിപ്പ /കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എലിപ്പനിയെ തുടർന്നാണ് മരണം എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ദിവസ വേതനാടിസ്ഥാനത്തിലുള്ള തൊഴിലാളികളുടെ ജീവൻ സേവനത്തിനിടയിൽ നഷ്ടപ്പെടുമ്പോൾ പോലും സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാറില്ലെന്നും, അതിനാൽ സാബിറയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉടനടി തയ്യാറാവണമെന്നും ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു.