Peruvayal News

Peruvayal News

പുവ്വാട്ടുപറമ്പ് ഞെളിയൻ പറമ്പാക്കുന്നു എന്ന DYFI ആക്ഷേപത്തിനെതിരെ പെരുവയൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ Fb പോസ്റ്റ്


പുവ്വാട്ടുപറമ്പ് ഞെളിയൻ പറമ്പാക്കുന്നു എന്ന DYFI ആക്ഷേപത്തിനെതിരെ പെരുവയൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ Fb പോസ്റ്റ്.

Fb പോസ്റ്റിൻ്റെ പൂർണ്ണരൂപം

"പുവ്വാട്ടുപറമ്പിനെ  ഞെളിയംപറമ്പ് ആക്കുന്നു..... " ,
 "പഞ്ചായത്ത് ഭരണ സമിതി മാലിന്യം കൂട്ടിയിട്ട് രോഗങ്ങള്‍ പരത്തുന്നു... "
എന്ന് ആക്ഷേപിക്കപ്പെട്ട കെട്ടിടത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയാണ്.  ആര്‍ക്കും സന്ദര്‍ശിക്കാം. ഒരു തുണ്ട് മാലിന്യം പോലും ഇവിടെ കാണില്ല. ഇത് മുമ്പെ തന്നെ ഭരണസമിതി പറഞ്ഞിട്ടുള്ള കാര്യവുമാണ്. 
പഞ്ചായത്തിലെ വിടുകളില്‍ നിന്നും ഹരിതകര്‍മ്മ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പുവ്വാട്ടുപറമ്പ് കള്ള് ഷാപ്പിന് സമീപം ഒഴിഞ്ഞ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്നത്. രണ്ടാഴ്ചക്കകം അവിടെ നിന്നും നീക്കം ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും ലോക്ക് ഡൗണ്‍‍ മൂലം അത് നടന്നില്ല.  ശക്തമായ ചുറ്റുമതിലും മേല്‍ക്കുരയുമുള്ള കെട്ടടത്തില്‍ ഇവ സൂക്ഷിച്ചാല്‍ ആരോഗ്യഭീഷണി ഉണ്ടാവില്ല എന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്. ജീര്‍ണ്ണിക്കുന്നതോ ദുര്‍ഗന്ധം വരുന്നതോ ആയ ഒന്നും ഇതിലുണ്ടായിരുന്നില്ല. പൂര്‍ണ്ണമായും പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ചില ചാക്കുകള്‍ പൊട്ടിയത് മൂലം കോമ്പൗണ്ടിനകത്ത് കെട്ടിടത്തിന് പുറത്തേക്ക് ചിതറിയെങ്കിലും ഇവ കോമ്പൗണ്ടിന് പുറത്തേക്ക് വ്യാപിക്കില്ല. അതിനാല്‍ തന്നെ ഇത് മൂലം ആരോഗ്യഭീഷണി ഉണ്ടാകുമെന്ന ആശങ്ക ഭരണസമിതിക്കോ നാട്ടുകാര്‍ക്കോ ഉണ്ടായിരുന്നില്ല. ക്ലീന്‍ കേരള കമ്പനിക്ക് മാത്രമെ ഇവ കൈമാറാന്‍ പാടുള്ളു എന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. അതിനാല്‍ തന്നെ അവരുടെ സൗകര്യത്തിന് കാക്കേണ്ടി വന്നു. കോവിഡ് കാലത്ത് അതിനുള്ള കാലതാമസം ഉള്‍കൊള്ളാവുന്നതേയുള്ളു.  ഇപ്പോള്‍ അവ പൂര്‍ണ്ണമായും നീക്കിയിരിക്കുന്നു. ഇതിന്‍റെ പേരില്‍ പുവ്വാട്ടുപറമ്പിനെ ഞെളിയന്‍പറമ്പാക്കുന്നു എന്ന വ്യാജ പ്രചരണം നടത്തിയവര്‍ ഒരു കാര്യം മനസ്സിലാക്കണം. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി നാം ഒന്നിച്ച് നടത്തിവരുന്ന ശ്രമങ്ങളെയാണ് നിങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്.

 *ചില കാര്യങ്ങൾ* 
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം വലിയൊരു പ്രശ്നമായി നമുക്ക് മുമ്പിലുണ്ട്. ഒരു വീട്ടില്‍ ശരാശരി ഒരു വര്‍ഷം ആയിരത്തിലേറെ പ്ലാസ്റ്റിക് കവറുകള്‍ വരുന്നുണ്ട്. ഇവയത്രയും മണ്ണിലേക്ക് ഏറിയുകയോ കത്തിക്കുകയോ ആണ് പതിവ് . രണ്ടായാലും അവ വരുത്തി വെക്കുന്നത് വലിയ ദുരന്തമാണ്. ഇത് പരിഹരിക്കുന്നതിനുള്ള ശ്രമം നമുക്ക് മുന്‍ കാലങ്ങളില്‍ നടത്താനായില്ല. എന്നാല്‍ നിലവിലുള്ള ഭരണസമിതി അതിനുള്ള കൃത്യമായ ഇടപെലാണ് നടത്തിയത്. വീട്ടിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു വെക്കുക. അവ ഹരിത കര്‍മ്മ സേനയെ ഉപയോഗിച്ച് ശേഖരിച്ച് റീ സൈക്ലിംഗ് ഏജന്‍സികള്‍ക്ക് കൈമാറുക. ഈ ഭരണസമിതി നിലവില്‍ വന്ന ശേഷം  നിരവധി തവണ പ്ലാസ്റ്റിക് ശേഖരണം നടത്തിയിട്ടുണ്ട്. ഇത് ഏറെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തനമാണ്. ഏവരുടെയും സഹായമുണ്ടെങ്കിലേ നടക്കു. ശേഖരിച്ച മാലിന്യങ്ങള്‍ തൊട്ടടുത്ത ദിനം തന്നെ കയറ്റി കൊണ്ടു പോവുക സാധ്യമല്ല. മുഴുവന്‍ വാര്‍ഡുകളുടെയും ശേഖരണം നടത്തിയ ശേഷമേ അത് സാധിക്കു. റീ സൈക്ലിംഗ് യൂണിറ്റിലെ സൗകര്യവും വാഹന ലഭ്യതയും തൊഴിലാളികളുടെ സൗകര്യവും എല്ലാം പരിഗണിച്ച് ശേഖരിച്ച ശേഷം കുറച്ച് കാലം ഇവ സൂക്ഷിച്ചു വെക്കേണ്ടി വരും. ഇത് സൂക്ഷിക്കാന്‍ നമുക്ക് സ്ഥിരം കെട്ടിടങ്ങള്‍ ലഭ്യമല്ല. പഞ്ചായത്ത് ഇതിനായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നുണ്ട്. പ്രവൃത്തി ഉടന്‍ ആരംഭിക്കും. അത് വരെ താല്‍ക്കാലിക കെട്ടിടത്തില്‍ സൂക്ഷിക്കുന്നു. ആദ്യം വാര്‍ഡുകളിൽ കൂട്ടി വെച്ചു. ഇത് നീക്കാന്‍ ഏജന്‍സി വൈകിയപ്പോള്‍ പിന്നീട് ആ രീതി ഉപേക്ഷിച്ചു. പുവ്വാട്ടുപറമ്പ് ടൗണിന് സമീപം ഓട്ടു കമ്പനി പരിസരത്ത് സൂക്ഷിച്ചു. അവ പൂര്‍ണ്ണമായി എടുത്തു കൊണ്ടുപോയെങ്കിലും സൂക്ഷിച്ചു വെച്ച കാലയളവില്‍ വലിയ എതിര്‍പ്പായിരുന്നു.  പിന്നീട് ഉപയോഗ ശൂന്യമായ പുവ്വാട്ടുപറമ്പ് സ്കൂള്‍ കെട്ടിടത്തില്‍ സൂക്ഷിച്ചു. വിദ്യാലയത്തില്‍ മാലിന്യം സൂക്ഷിച്ചു എന്നായി ആക്ഷേപം. പക്ഷെ പഞ്ചായത്ത് നിശ്ചയിച്ച സമയത്തിനകം തന്നെ അവിടെ നിന്നും അവ റീ സൈക്ലിംഗ് യൂണിറ്റിലേക്ക് മാറ്റി. പിന്നീടാണ് ഇപ്പോഴത്തെ കെട്ടിടത്തില്‍ ശേഖരിച്ചത്.

 *അടുത്ത ഘട്ടത്തിലേക്ക് ...* 
വീടുകളില്‍ നിന്നും അടുത്ത ഘട്ടം പ്ലാസ്റ്റിക് ശേഖരണത്തിന് പഞ്ചായത്ത് ഒരുങ്ങുകയാണ്. ഇത്പോലൊരു കെട്ടിടത്തില്‍ അതും സൂക്ഷിക്കേണ്ടി വരും. ക്ലീന്‍ കേരള കമ്പനി അവ കൊണ്ടുപോവുകയും ചെയ്യും. കോവിഡ് കാലമായതിനാൽ കൊണ്ടു പോകൽ വൈകിയെന്നും വരാം. ഇനി അവിടെയും ഈ രീതിയില്‌‍ ഞെളിയന്‍ പറമ്പ് പറഞ്ഞ് ഭീതി പരത്താന്‍ ദയവ് ചെയ്ത് വരരുത്. ഇത് മറ്റെവിടെയോ ഉള്ള മാലിന്യമല്ല. നമ്മുടെ വീടുകളിലെ മാലിന്യമാണ്. അവ നീക്കുന്ന പദ്ധതിയോട് സഹകരിക്കുക. ശ്രമകരമായ ദൗത്യമാണ്. അത് ഉള്‍കൊള്ളുക. ഒരു കാര്യം ഓര്‍ക്കുക, മുന്‍ കാലത്തും വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം ഉണ്ടായിട്ടുണ്ട്. അവ കത്തിക്കൂകയോ പറമ്പില്‍ ഉപേക്ഷിക്കുകയോ ആയിരുന്നല്ലോ രീതി. അതിന് മാറ്റം വരുത്താന്‍ ശ്രമിച്ചതിനെ പിന്തുണച്ചില്ലെങ്കിലും വ്യാജപ്രചരണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കരുത്. പോരായ്മകള്‍ ചൂണ്ടിക്കാണിക്കാം... ജനങ്ങളില്‍ അനാവശ്യ ആശങ്ക പരത്തുന്നത് ശരിയാണോ എന്ന് ചിന്തിക്കുക. പ്രതിഷേധത്തോടും വ്യാജ പ്രചരണത്തോടും പരിഭവമില്ല. പുതിയ എം.സി.എഫ് കെട്ടിടം നിലവില്‍ വരുന്നത് വരെ ഉള്ള സൗകര്യങ്ങളും സ്വാകര്യ കെട്ടിടങ്ങളും ഉപയോഗപ്പെടുത്തി മാലിന്യശേഖരണം നടത്താന്‍ തന്നെയാണ് തീരുമാനം...
Don't Miss
© all rights reserved and made with by pkv24live