പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ
രണ്ട് റോഡ് പ്രവൃത്തികൾക്ക് തുടക്കമായി
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡ് നിർമ്മാണ പ്രവൃത്തികൾ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച പെരുമൺപുറ ചാലിൽമീത്തൽ അമ്മത്തൂർ റോഡ്, എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ കുഴിപ്പള്ളി പനച്ചിങ്ങൽതാഴം റോഡ് എന്നിവയുടെ പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചത്.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച ചാലിൽ മീത്തൽ റോഡിന്റെ ഉദ്ഘാടനവും പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.
1.22 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 10 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം ഏതാനും ദിവസങ്ങൾക്ക് മുമ്പ് എം.എൽ.എ നിർവഹിച്ചിരുന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ പെരുമണ്ണയിലെ മൂന്ന് റോഡ് പ്രവൃത്തികൾ കൂടി ആരംഭിക്കാനുണ്ട്. ഇവ ടെൻഡർ ചെയ്ത് പ്രവൃത്തികൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എം.എൽ.എ പറഞ്ഞു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ശിവദാസൻ നായർ, മെമ്പർ രാജീവ് പെരുമൺപുറ, ജില്ലാ പഞ്ചായത്ത് മെമ്പർ സി. ഉഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി അജിത, യു.കെ റുഹൈമത്ത്, ഷാജി പുത്തലത്ത് സംസാരിച്ചു.