ഇത് പ്രണയമാണോ
➖➖➖➖➖➖
രാവിലെ ഉണർന്നു കട്ടൻ കാപ്പിക്ക് മുമ്പ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ചെക്ക് ചെയ്യുന്നത് എൻ്റെയൊരു ശീലമാണ്. മറ്റൊന്നും കൊണ്ടല്ല കുറെ ഫ്രീക്ക് സ്റ്റാറ്റസ് ഒഴിച്ചാ ബാക്കി മാത്രം മതി ഒരു പത്രം വായിച്ചത്രയും കാര്യങ്ങൾ അറിയാൻ, ഇന്നും അതെ രാവിലെ സ്റ്റാറ്റസ് ചെക്ക് ചെയ്തു കണ്ടതത്രയും "സ്നേഹത്തിൻ്റെ താലി ചരടിനു പകരം നിനക്കവൻ നൽകിയത് വഞ്ചനയുടെ കൊല കയറാണല്ലോ പെണ്ണെ" എന്താ സംഭവംന്ന് അന്വേഷിച്ചപ്പോ പലരും വാർത്താ ലിങ്കയച്ചു തന്നു. അതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടു ഓഡിയോ ക്ലിപ്പ് കേട്ടു. ആകെ പാടെ ഒരു മരവിപ്പ് 14 വർഷത്തെ പ്രണയമെന്നോ വിവാഹം ഉറപ്പിച്ചെന്നോ ഒക്കെ അതിനിടക്ക് കേട്ടു .പല ചിത്രങ്ങളും മനസിലൂടെ കടന്ന് പോയി പതിനാറാം വയസിൽ വിവാഹിതയായ എനിക്ക് മഹറണിയാത്ത പ്രണയത്തെ പറ്റി വലിയ അറിവൊന്നുമില്ല. എങ്കിലും കണ്ടിട്ടുണ്ട് പല ആത്മാർഥ പ്രണയങ്ങളും.... നേടിയെടുത്തവയും നഷ്ടപ്പെട്ടതുമെല്ലാം, ഇതിനിടക്ക് ഒളിച്ചോട്ടം ഒരു ഫാഷനായപ്പോ "എള്ളോളം തരി പൊന്നെന്തിനാ " ടിക് ടോക്കിൽ തരംഗമായപ്പോ ഇവരുടെയൊക്കെ പ്രണയത്തിൽ എനിക്കൊരു തമാശ തോന്നി, ആ പെൺകുട്ടികളുടെ ഒക്കെ പൊട്ട ബുദ്ധിയോർത്ത് സഹതപിച്ചു,.സമപ്രായക്കാരോടൊപ്പം അല്ലെങ്കിൽ ജോലിയോ കൂലിയോ ഇല്ലാത്ത ഒരുവൻ്റെ കൂടെ മാതാ പിതാക്കളുടെ നെഞ്ചത്തടി കേൾക്കാതെ ഉള്ളിൽ വെന്തെരിയുന്ന സങ്കട കടൽ കാണാതെ കടന്ന് പോയവർ...... ഇപ്പോ യും എള്ളോളം തരി പൊന്നില്ലേലും ചന്തം തികഞ്ഞവരായി ജീവിക്കുന്നുണ്ടാവുമെന്ന് നമുക്ക് പ്രത്യാഷിക്കാം. ഇത്രയൊക്കെ വിദ്യ സമ്പന്നരായിട്ടും എങ്ങനെ നമ്മുടെ പെൺമക്കൾ ഇതുപോലുള്ള ചതിക്കുഴിയിൽ ചെന്ന് ചാടുന്നു എന്ന് ഞാനെപ്പോയും ഓർക്കും .നീ സുന്ദരിയാണെന്ന് ഒരുത്തൻ പറഞ്ഞാൽ അതൊരിക്കലും പ്രണയമാവുന്നില്ല എൻ്റെ കൗമാരക്കാരെ. അല്ലെങ്കിൽ എൻ്റെ റൂഹ് നീയെ എന്ന് സ്റ്റാറ്റസ് വെച്ചാൽ അതാണ് ആത്മാർത്ഥ പ്രണയം എന്ന് കരുതിയോ നിങ്ങൾ പ്രണയമെന്നാൽ പഞ്ചാര ഒലിക്കുന്ന വാക്കുകൾ മാത്രമല്ലെന്ന് തിരിച്ചറിയാൻ നമ്മുടെ കുട്ടികൾ പഠിച്ചിരുന്നെങ്കിൽ. വാക്കുകൾക്കുപരി അവൻ്റെ പ്രവർത്തിയിൽ ആത്മാർത്ഥത കണ്ടെത്താൻ ശ്രമിക്കൂ നിങ്ങൾ. നിങ്ങൾക്കു തോന്നുന്നുണ്ടോ ആത്മാർഥ പ്രണയമെന്നത് വിവാഹത്തിന് മുമ്പ് മാത്രമാണെന്ന് ഒരിക്കലുമല്ല. ജീവൻ കൊടുത്ത് സ്നഹിക്കുന്ന എത്ര ദമ്പതിമാരുണ്ട് നമുക്ക് ചുറ്റും പരസ്പരം താങ്ങായി തണലായി .......എൻ്റെ കാഴ്ചപ്പാടിൽ ഏറ്റവും മനോഹരമായ പ്രണയം അതാണ്.ഒരിക്കലും പ്രണയത്തിൻ്റെ പേരിൽ വസ്ത്രങ്ങൾ അഴിയാതിരിക്കണം ഒരു യതാർഥ പ്രണയത്തിന് അതിൻ്റെ ആവശ്യമില്ല. അവനിലുള്ള വിശ്വാസം ഉറപ്പ് വരുത്തേണ്ടത് നഗ്ന ഫോട്ടോകൾ അയച്ച് കൊടുത്തു കൊണ്ടാകരുത് .വിവാഹമെന്ന പവിത്ര ബന്ധത്തിലൂടെ യാവണം. പ്രണയത്തിൻ്റെ പേരിൽ ഇനിയൊരു വഞ്ചനയും നടക്കാതിരിക്കട്ടെ! വഞ്ചനക്ക് പകരം ജീവൻ നഷ്ടപ്പെടുത്തിയുള്ള മറുപടികളും.....
റാഷിദ അനീസ് വാഴക്കാട്